കോവിഡ് വാക്സീൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി.

കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാക്സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.

‘പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു. വാക്സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീൻ എടുത്ത ശേഷമുള്ള പ്രശ്നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു’’– കുടുംബം പറഞ്ഞു.

ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചു