ന്യൂസ് ഡെസ്ക്, മലയാളം യുകെ
നീണ്ട മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ഇന്ത്യ യു കെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. മൂന്നുവർഷം നീണ്ട കൂടിയാലോചനകൾക്ക് ഒടുവിലാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ സാധിച്ചത്. ഇന്ത്യയുടെയും യുകെയുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർദ്ദിഷ്ട വ്യാപാര കരാർ ഒരു നാഴികക്കല്ലായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇന്ത്യൻ കൊമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയത്.
ബ്രെക്സിറ്റിനു ശേഷമുള്ള യുകെയുടെ ഏറ്റവും വലിയ വ്യാപാര കരാറാണ് ഇതെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പ്രശംസിച്ചു. വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിനെ പരസ്പരം പ്രയോജനകരമായ നാഴികക്കല്ലായാണ് വിശേഷിപ്പിച്ചത്. കരാർ നിലവിൽ വരാൻ ഒരു വർഷം എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് വരുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കുന്നതിലൂടെ യുകെയിലെ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് പറഞ്ഞു. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകൂടിയ യുകെ നിർമ്മിത കാറുകളുടെ താരിഫ് 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും. യു കെ നിർമ്മിത മദ്യത്തിന്റെ നികുതിയിലും കുറവ് ഉണ്ടാകും. എന്നാൽ യുകെയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ കുടിയേറ്റ നയത്തിൽ ഒരു മാറ്റവും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.
Leave a Reply