ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കഴിഞ്ഞവർഷം പുതിയ കാറുകളുടെ വിൽപ്പന 20 ലക്ഷത്തിന് മുകളിലെത്തിയതായി സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കി. 2019ന് ശേഷം ആദ്യമായാണ് യുകെയിലെ വാർഷിക കാർ വിൽപ്പന ഈ നേട്ടം കൈവരിക്കുന്നത്. ചൈനീസ് വാഹന ബ്രാൻഡുകളുടെ ശക്തമായ മുന്നേറ്റമാണ് വിപണിയിൽ നിർണായകമായ മാറ്റം സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൊത്തം രജിസ്ട്രേഷനുകളിൽ 9.7 ശതമാനവും (1.96 ലക്ഷം വാഹനങ്ങൾ) ചൈനീസ് കമ്പനികളുടെ വിഹിതമായിരുന്നു; 2024ലെ 4.9 ശതമാനത്തിൽ നിന്ന് ഇത് ഇരട്ടിയിലേറെയാണ്.

ഇലക്ട്രിക് കാർ വിപണിയിലും റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025ൽ 4.73 ലക്ഷം ഇലക്ട്രിക് കാറുകളാണ് വിറ്റഴിഞ്ഞത്—മുന്‍വർഷത്തേക്കാൾ ഏകദേശം 24 ശതമാനം വർധന. ഇതോടെ മൊത്തം കാർ വിപണിയിലെ 23.4 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായി. ഇതിന്റെ ഫലമായി യുകെയിൽ പുതിയതായി വിൽക്കുന്ന കാറുകളുടെ ശരാശരി കാർബൺ ബഹിർഗമനം 10 ശതമാനം കുറഞ്ഞുവെന്നും മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് അറിയിച്ചു. എംജി, ബിവൈഡി, ചെറി (ജെയ്‌കൂ, ഒമോഡ ബ്രാൻഡുകൾ) എന്നിവയാണ് ചൈനീസ് വിപണി മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. ബിവൈഡിയുടെ വിൽപ്പന ആറിരട്ടിയായി 51,000ലും ചെറിയുടെ വിൽപ്പന 13 ഇരട്ടിയായി 54,000ലും എത്തി. എംജി മാത്രം 85,000 വാഹനങ്ങൾ വിറ്റഴിച്ചു.

എന്നാൽ ഈ വളർച്ചയ്ക്കൊപ്പം വെല്ലുവിളികളും നിലനിൽക്കുന്നതായി മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് ചീഫ് എക്സിക്യൂട്ടീവ് മൈക് ഹോവ്സ് പറഞ്ഞു. കോവിഡിന് ശേഷമുള്ള സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ സമ്മർദ്ദങ്ങളും വിപണിയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. 2025ൽ 28 ശതമാനം ഇലക്ട്രിക് കാർ വിൽപ്പന ലക്ഷ്യമിടുന്ന ‘സീറോ എമിഷൻ വാഹന’ (ZEV) മാനദണ്ഡം പാലിക്കാൻ യൂറോപ്യൻ, ജാപ്പനീസ് നിർമാതാക്കൾക്ക് ചൈനീസ് മത്സരം വെല്ലുവിളിയാകുന്നുണ്ട്. ലക്ഷ്യം കൈവരിക്കാൻ ഓരോ ഇലക്ട്രിക് കാറിലും ശരാശരി £11,000 വരെ വിലക്കിഴിവ് നൽകേണ്ടി വരുന്നതായും ഇതിലൂടെ വ്യവസായത്തിന് £5.5 ബില്യൺ അധിക ചെലവ് നേരിടുന്നതായും മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് മുന്നറിയിപ്പ് നൽകി. സർക്കാർ ഇലക്ട്രിക് വാഹന നയം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുകയാണ്.











Leave a Reply