ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിദേശത്തുനിന്നുള്ള പ്രതിഭകളെ ആകർഷിക്കാൻ വിസാ ഫീസ് കുറയ്ക്കാനുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൈ-സ്കിൽഡ് വിസ (H-1B) ഫീസ് 1 ലക്ഷം ഡോളർ (ഏകദേശം £74,000) ആക്കി ഉയർത്തിയ സാഹചര്യത്തിലാണ് ബ്രിട്ടൻ ഇത്തരത്തിൽ നീക്കങ്ങൾ ആലോചിക്കുന്നത്. കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ടാലന്റ് ടാസ്ക്ഫോഴ്സ് ആണ് ഇതിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
നിലവിൽ ബ്രിട്ടനിലെ ഗ്ലോബൽ ടാലന്റ് വിസ യ്ക്ക് ഒരാളിൽ നിന്ന് £766 വീതം ഫീസ് ഈടാക്കുന്നുണ്ട്. കൂടാതെ ഓരോരുത്തർക്കും ആരോഗ്യച്ചെലവിനായി £1,035 കൂടി അടയ്ക്കണം. അക്കാദമിക്‌സ്, സയൻസ്, ഡിജിറ്റൽ ടെക്‌നോളജി, ആർട്സ്, മെഡിസിൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഈ വിസാ പദ്ധതി. 2023 ജൂൺ അവസാനത്തോടെ ഇത്തരത്തിലുള്ള വിസ അനുവദിക്കുന്നതിൽ 76% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളികൾക്ക് ഇതിലൂടെ വലിയ അവസരങ്ങൾ ലഭിക്കും എന്നാണ് പൊതുവെയുള്ള നിരീക്ഷണം . ഡിജിറ്റൽ ടെക്‌നോളജി, മെഡിസിൻ, എഞ്ചിനീയറിംഗ്, ഗവേഷണം, കല-സാംസ്കാരിക മേഖലകൾ എന്നിവയിൽ കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വിസാ ചെലവ് കുറയുന്നതോടെ ബ്രിട്ടനിലേക്ക് കുടിയേറാനും ജോലി നേടാനുമുള്ള സാധ്യതകൾ കൂടുതൽ സൗകര്യപ്രദമാകും. നിലവിൽ വിസാ ഫീസും ആരോഗ്യച്ചെലവും ചേർന്നുള്ള വലിയ സാമ്പത്തികഭാരമാണ് പലർക്കും തടസ്സമാകുന്നത്. അത് ഇല്ലാതാകുകയോ കുറയുകയോ ചെയ്താൽ മലയാളി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും ബ്രിട്ടനിൽ പഠന , ഗവേഷണ , തൊഴിൽ മേഖലകളിൽ കൂടുതൽ വേഗത്തിൽ പ്രവേശിക്കാനും ഉയർന്ന നിലവാരത്തിലുള്ള കരിയർ രൂപപ്പെടുത്താനും സാധിക്കും.
Leave a Reply