ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ജീവിതച്ചെലവ് വർധിക്കുന്നതും സാമ്പത്തിക അനിശ്ചിതത്വവും ജനങ്ങളുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2026 ഒക്ടോബറിൽ ഉപഭോക്തൃവിശ്വാസ സൂചിക 11 പോയിന്റ് ഇടിഞ്ഞ് മൈനസ് 24ലെത്തി. കോവിഡ് മഹാമാരിക്കാലത്തെ തകർച്ച ഒഴിച്ചുനിർത്തിയാൽ 2016ലെ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കുശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. ജിഎഫ്കെ (GfK) പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകളും ജനങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുന്നതയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മധ്യപൂർവദേശത്തെ യുദ്ധസാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ഇന്ധനവിലയിലെയും ഊർജച്ചെലവിലെയും വർധനയും കുടുംബങ്ങളുടെ ബജറ്റിനെ സമ്മർദത്തിലാക്കുന്നുണ്ട്. വ്യക്തിഗത സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും കുറഞ്ഞു. വലിയ വിലയുള്ള സാധനങ്ങൾ വാങ്ങാനുള്ള താൽപര്യത്തിലും ഗണ്യമായ ഇടിവുണ്ടായി. വരും മാസങ്ങളിൽ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാകുമെന്ന ആശങ്കയിൽ ചെലവുകൾ നിയന്ത്രിക്കാൻ കുടുംബങ്ങൾ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ.

അടുത്തയാഴ്ച ധനമന്ത്രി ജോൺ ഹീലിയുടെ ബജറ്റ് പ്രഖ്യാപനം വരാനിരിക്കെ ഉപഭോക്തൃവിശ്വാസത്തിലെ ഇടിവ് സർക്കാരിനും വെല്ലുവിളിയാകുന്നു. പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും നിയന്ത്രിക്കുന്നതിനൊപ്പം കുടുംബങ്ങൾക്കും വ്യാപാരമേഖലയ്ക്കും ആശ്വാസം നൽകുന്ന നടപടികൾ ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ, സെപ്റ്റംബറിൽ ബ്രിട്ടനിലെ ചില്ലറ വിൽപ്പനയുടെ അളവ് മുൻമാസത്തെ അപേക്ഷിച്ച് 0.4 ശതമാനം കുറഞ്ഞതും സാമ്പത്തിക ആശങ്ക വർധിപ്പിക്കുന്നു. ഉപഭോക്തൃ ചെലവുകൾ കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത്തെയും ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.











Leave a Reply