ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രണ്ട് വർഷത്തിനിടയിലെ ഏറ്റവും മഴയേറിയ ആഴ്ചയ്ക്കു പിന്നാലെ യുകെയിൽ അടുത്ത പത്ത് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഓസ്റ്റിൻ, ബോയേലോ എന്നീ പേരിട്ട കൊടുങ്കാറ്റുകൾ രാജ്യത്ത് ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും കാരണമായിരുന്നു. പ്രത്യേകിച്ച് ബോയേലോ കൊടുങ്കാറ്റ് വലിയ തോതിൽ മഴയെത്തിച്ചു. രണ്ട് കൊടുങ്കാറ്റുകളും തിങ്കളാഴ്ചയുണ്ടായ മറ്റൊരു ന്യൂനമർദവും ചേർന്നാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും മഴയേറിയ ആഴ്ചയ്ക്ക് കാരണമായതെന്ന് എൻവയോൺമെന്റ് ഏജൻസി വ്യക്തമാക്കി.

നിലവിൽ രാജ്യത്തിന് മുകളിലോ സമീപത്തോ നിലകൊള്ളുന്ന ഉയർന്ന മർദ മേഖല അടുത്ത പത്ത് ദിവസത്തേക്കെങ്കിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വരണ്ടതും ശാന്തവുമായ കാലാവസ്ഥ അനുഭവപ്പെടും. എന്നാൽ നവംബർ പകുതിയോടെ കാലാവസ്ഥയിൽ വീണ്ടും മാറ്റമുണ്ടായേക്കും. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം കുറയുന്നതോടെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള ന്യൂനമർദ സംവിധാനങ്ങൾ യുകെയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇത് വീണ്ടും മഴയും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥയ്ക്ക് വഴിയൊരുക്കും.

അതേസമയം, പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നതും യുകെയിലെ കാലാവസ്ഥയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ശരത്കാലത്തിന്റെ അവസാനത്തിലും ശൈത്യകാലത്തിന്റെ തുടക്കത്തിലും കൂടുതൽ മഴയ്ക്കും കൊടുങ്കാറ്റിനും എൽ നിനോ കാരണമായേക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ശാന്തമായ കാലാവസ്ഥയ്ക്ക് ശേഷം നവംബർ പകുതിയോടെ വീണ്ടും മഴയും കാറ്റും ശക്തമാകാനുള്ള സാധ്യതയാണുള്ളത്.











Leave a Reply