മറ്റൊരു രാജ്യവും നേരിടാത്ത കടുത്ത പരീക്ഷണത്തിലൂടെയാണ് ബ്രിട്ടൻ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യവിഭാഗം തലവൻ അഥവാ ചീഫ് മെഡിക്കൽ ഓഫീസർക്കും കിരീടാവകാശിക്കും വരെ കൊറോണ ബാധിച്ചതോടെ രാജ്യത്ത് ഭരിക്കാൻ പോലും ആളില്ലാത്ത അനിശ്ചിതത്വമാണ് ബ്രിട്ടനിലുണ്ടായിരിക്കുന്നത്.ഇത്തരത്തിൽ പ്രമുഖർക്ക് പണി കിട്ടിയതോടെ ഇവരുമായി അടുത്തിടപഴകിയ സകലരെയും ക്വോറന്റീൻ ചെയ്യേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കോവിഡ്-19 പടർന്ന് പിടിച്ച് 759 പേർ മരിക്കുകയും 15,000 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിക്കപ്പെട്ട കണക്കുകൾ.
വേണ്ടത്ര കൊറോണ ടെസ്റ്റിങ് സംവിധാനം യുകെയിൽ ഇല്ലാത്തതാണ് കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയിരിക്കുന്നതെന്ന വിമർശനം ശരിയാണെന്ന് തെളിയിക്കുകയാണ് ഇവിടെ പ്രമുഖർക്ക് പോലും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്.ഇത്തരത്തിൽ രാജ്യത്തെ നിർണായകമായ വ്യക്തികളെ പോലും കോവിഡ്-19 ബാധയിൽ നിന്നും സംരക്ഷിക്കാൻ സാധിക്കാത്ത നിലവിലെ ഗവൺമെന്റ് ഇക്കാര്യത്തിൽ തികഞ്ഞ പരാജയമാണെന്ന ആരോപണവും ശക്തമാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോറിസും ക്രിസ് വിറ്റിയും സെൽഫ് ഐസൊലേഷനിലാണ്. എന്നാൽ ഇവർ വീട്ടിലിരുന്ന് കൊണ്ട് ഔദ്യോഗിക കർത്തവ്യങ്ങൾ നിറവേറ്റുന്നുണ്ട്.
നേതൃത്വത്തിന് ആളില്ലാതായതോടെ കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കൽ ഗോവാണ് രാജ്യത്തെ കൊറോണ വൈറസ് പോരാട്ടത്തിന് നേരിട്ട് നേതൃത്വം കൊടുക്കാൻ നിർബന്ധിതനായത്. ഇന്നലെ നമ്പർ പത്തിൽ വച്ച് നടന്ന കൊറോണ വൈറസ് ഇത് സംബന്ധിച്ച പത്രസമ്മേളനമൊക്കെ നടത്തിയത് ഗോവായിരുന്നു. ബോറിസിനും ഹാൻകോക്കിനും കോവിഡ് ബാധയുണ്ടായത് ഇക്കാര്യത്തിൽ ഗവൺമെന്റിനുണ്ടായ പിഴവിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് ഗോവിന് മുന്നിൽ നിരവധി ഉറവിടങ്ങളിൽ നിന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വേണ്ടത്ര കോവിഡ് ടെസ്റ്റുകൾ ഗവൺമെന്റ് പ്രദാനം ചെയ്യാത്തതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്തിയതെന്ന വിമർശനവും ഇതേ തുടർന്ന് കൂടുതൽ കൂടുതൽ ശക്തമാവുകയാണ്.
എൻഎച്ച്എസ് ജീവനക്കാരടക്കമുള്ളവർക്ക് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം അടുത്ത ആഴ്ച മുതൽ വ്യാപകമാക്കുമെന്ന് വിമർശകരുടെ നാവടപ്പിക്കാനെന്ന മട്ടിൽ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ ഗോവ് പ്രഖ്യാപിച്ചിരുന്നു. ബോറിസിനും ഹാൻകോക്കിനും മറ്റ് പ്രമുഖർക്കും കോവിഡ് പിടിപെട്ടതിനെ വേർതിരിച്ച് കാണേണ്ടതില്ലെന്നും രാജ്യത്തെ എല്ലാവരും കോവിഡ് ബാധ ഭീഷണിയിലാണെന്നുമാണ് ഗോവ് പറയുന്നത്. വൈറസിന് പ്രമുഖരും സാധാരണക്കാരുമെന്ന വേർതിരിവില്ലെന്നും നാം ആരും സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഗോവ് മുന്നറിയിപ്പേകുന്നു.
സീനിയർ മിനിസ്റ്റർമാർ, ഒഫീഷ്യലുകൾ, എയ്ഡുമാർ തുടങ്ങിയവർ ആരായാലും അവർ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മാത്രമേ അവരെ ടെസ്റ്റിന് വിധേയമാക്കാറുള്ളൂവെന്നാണ് ഡൗണിങ് സ്ട്രീറ്റ് പറയുന്നത്. ഇത് ശരിയാണ സമീപനമാണെന്നും കൊറോണ സംബന്ധിച്ച ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമേ ടെസ്റ്റിന് വിധേയമാക്കുന്നുള്ളൂവെന്നും ഗോവ് റിപ്പോർട്ടർമാരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ബോറിസിന് കൊറോണ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ പങ്കാളിയും 5 മാസം ഗർഭിണിയുമായ കാതി സിമൺസ്(32) രോഗമില്ലെങ്കിലും ഐസൊലേഷനിൽ പ്രവേശിക്കേണ്ടി വരും.
ഇതിന് പുറമെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ സ്റ്റാഫുകളും സീനിയർ മിനിസ്റ്റർമാരും അടക്കമുള്ള നിരവധി പേർ കൂടി ഇനി സമ്പർക്ക വിലക്കിലേക്ക് പോകേണ്ടി വരും.ബോറിസിന് ഒരാഴ്ചത്തെ ഐസൊലേഷനാണ് നിർദേശിച്ചിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ബോറിസുമായി എത്ര പേർ അടുത്തിടപഴകിയെന്ന കാര്യത്തിൽ അവ്യക്തതയുള്ളത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെ തുടർന്ന് മറ്റ് നിരവധി മന്ത്രിമാർക്കും കോവിഡ് ബാധയുണ്ടാകുന്നതിന് സാധ്യതയേറിയിരിക്കുകയാണ്.
Leave a Reply