ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട 41 തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തിങ്കളാഴ്ച തുരങ്കത്തിന് ഉള്ളിലൂടെ കടത്തിവിട്ട പുതിയ പൈപ്പിനുള്ളിൽ ഘടിപ്പിച്ച എൻഡോസ്കോപ്പിക് ക്യാമറയിലൂടെയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകത്തിന് ലഭിച്ചത്. ദിവസങ്ങൾക്ക് ശേഷം തൊഴിലാളികൾക്ക് ആദ്യത്തെ ചൂടുള്ള ഭക്ഷണം നൽകാനും രക്ഷാപ്രവർത്തകർ ഈ പൈപ്പ് ഉപയോഗിച്ചു. നേരത്തെ ഇട്ട ഇടുങ്ങിയ പൈപ്പിലൂടെ ലഭിക്കുന്ന ലഘു ഭക്ഷണങ്ങൾ മാത്രം ആയിരുന്നു ഇതുവരെ അവർക്ക് ലഭിച്ചിരുന്നത്. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. കുടുങ്ങിയവരുമായി ഉടൻ സമ്പർക്കം സ്ഥാപിക്കുകയും അവർക്ക് ഓക്സിജനും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു.


തിങ്കളാഴ്ച വൈകുന്നേരത്തോടെ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറിഞ്ച് വ്യാസമുള്ള ഒരു പൈപ്പ് ഇറക്കുവാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത് ഒരു മുന്നേറ്റമായിരുന്നു. ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മ്മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. തൊഴിലാളികളെ പുറത്തെത്തിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.