ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന 18 വയസില്‍ താഴെ പ്രായമുള്ളവരെ തിരികെ രാജ്യത്തെത്തിക്കുന്നതിന് ചെലവാകുന്ന തുക ഇനി തിരിച്ചടക്കേണ്ടതില്ല. ഫോറിന്‍ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. 16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പണം തിരിച്ചടക്കണമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. പണമില്ലാത്തവര്‍ക്ക് ലോണ്‍ അനുവദിക്കുകയും അത് അടച്ചു തീരുന്നതുവരെ പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുകയുമായിരുന്നു പതിവ്.
നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇസ്ലാമാബാദിലെ യുകെ എംബസിയില്‍ സഹായം ചോദിച്ച് എത്തിയ 17വയസുകാരിയേക്കുറിച്ചുള്ള വാര്‍ത്തയാണ് ഈ നയത്തേക്കുറിച്ച് പുനര്‍വിചിന്തനത്തിന് ഫോറിന്‍ ഓഫീസിനെ പ്രേരിപ്പിച്ചത്. 2014ല്‍ നടന്ന സംഭവം ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലേക്ക് തിരികെ എത്തിക്കുന്നതിനു മുമ്പായി ഈ പെണ്‍കുട്ടിക്ക് ഒരു ലോണ്‍ എഗ്രിമെന്റില്‍ ഒപ്പു വെക്കേണ്ടതായി വരികയും പാസ്‌പോര്‍ട്ട് നല്‍കേണ്ടി വരികയും ചെയ്തിരുന്നു.

പിന്നീട് ഈ പെണ്‍കുട്ടിക്ക് 814 പൗണ്ടിന്റെ ഒരു ബില്ല് അധികൃതര്‍ നല്‍കി. ഈ തുക തിരിച്ചടക്കുന്നതുവരെ പാസ്‌പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു അറിയിച്ചത്. 18 വയസില്‍ താഴെയുള്ളവര്‍ വിദേശത്ത് നേരിടുന്ന ഭീഷണികളില്‍ സംരക്ഷണമാണ് ആദ്യം പരിഗണിക്കുന്നതെന്ന് ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കിക്കൊണ്ട് ഫോറിന്‍ ഓഫീസ് വക്താവ് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എമര്‍ജന്‍സി ലോണുകള്‍ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ട് മറ്റ് ഫണ്ടിംഗ് സാധ്യതകള്‍ പരിഗണിക്കുമെന്ന് വക്താവ് പറഞ്ഞു.