സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ ബ്രിട്ടനിൽ പണപ്പെരുപ്പവും വിലക്കയറ്റവും പലിശനിരക്കിലെ വർധനയും ഓരോ കുടുംബത്തിനും വരുത്തുന്നത് കനത്ത സാമ്പത്തിക ബാധ്യത. നിത്യനിദാന ചെലവുകൾ റോക്കറ്റുപോലെ കുതിക്കുമ്പോൾ പലിശ നിരക്കിലുണ്ടായ വർധന വീടുകളുടെ മോർട്ഗേജിലും വലിയ വർധനയാണ് ഓരോരുത്തർക്കും ഉണ്ടാക്കുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് നിരക്ക് 3 ശതമാനമാക്കിയതോടെ ശരാശരി മോർട്ഗേജ് റേറ്റ് അഞ്ചു ശതമാനത്തിനു മുകളിലാണ്. ട്രാക്കർ മോർട്ഗേജുകൾക്ക് ഇതിന്റെ ആഘാതം അപ്പപ്പോൾ തന്നെ വന്നു കഴിഞ്ഞു. ഇതിനു പുറമേ ഏകദേശം 40 ലക്ഷത്തോളം കുടുംബങ്ങൾക്ക് ശരാശരി 250 പൗണ്ടിന്റെ വർധന അടുത്തവർഷം മോർട്ഗേജിൽ ഉണ്ടാകുമെന്നാണു ബാങ്ക് സ്റ്റെബിലിറ്റി റിപ്പോർട്ട് നൽകുന്ന സൂചന. 2,20,000 കുടുംബങ്ങൾക്ക് ഇതിനു സമാനമായ രീതിയിൽ മോർട്ഗേജിൽ ചെറുതല്ലാത്ത വർധനകളുണ്ടാകും.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനിയും പലിശ നിരക്ക് ഉയർത്താൻ സാധ്യതുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതം അതിരൂക്ഷമാകും. നിലവിൽ രണ്ടുവർഷത്തെയും അഞ്ചുവർഷത്തെയും ഫിക്സഡ് മോർട്ഗേജ് എഗ്രിമെന്റിലുള്ളവരും 2025നുള്ളിൽ പലിശനിരക്കിന്റെ ചൂടറിയും. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ 70 ശതമാനം മോർട്ഗേജിലും പലിശനിരക്ക് വർധനയും പ്രതിഫലനമുണ്ടാക്കും.

ഇതിനിടെ രാജ്യത്തെ വീടുവില കുത്തനെ ഇടിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വീടുവില കുറഞ്ഞതിനു സമാനമായ നിരക്കിലാണ് വിലയിടിവ്.