ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഭക്ഷ്യവിലയിൽ കുത്തനെ വർധനവുണ്ടാകാമെന്ന മുന്നറിയിപ്പുമായി ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ രംഗത്തെത്തി. മധ്യപൂർവ സംഘർഷവും എണ്ണവില ഉയർച്ചയും തുടരുന്ന സാഹചര്യത്തിൽ, 2026 അവസാനം വരെ ഭക്ഷ്യവില 9% വരെ ഉയരാനിടയുണ്ടെന്നാണ് പ്രവചനം. മുമ്പ് 3.2% മാത്രമെന്നായിരുന്നു കണക്ക്. പ്രധാന കപ്പൽപ്പാതയായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നാലും വിലവർധന ഒഴിവാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ തേടി ചാൻസലർ റേച്ചൽ റീവ്സ് പ്രമുഖ സൂപ്പർമാർക്കറ്റ് തലവന്മാരുമായി ചർച്ച നടത്തി. ടെസ്കോ, സെയിൻസ്ബറീസ്, ആൽഡി, ലിഡിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഊർജ്ജ ചെലവ് കുറയ്ക്കാനും പുതിയ നികുതികൾ വൈകിക്കാനും സർക്കാർ ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ ജീവിതച്ചെലവ് കുറയ്ക്കാൻ സംയുക്തമായി പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു.

ഇതിനിടെ, ഉയർന്ന വൈദ്യുതി- ഇന്ധനച്ചെലവ് കാരണം കർഷകരും ഭക്ഷ്യ ഉത്പാദകരും പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പ് പുറത്തുവന്നത് ഇരുട്ടടിയായി . സർക്കാർ സഹായമില്ലെങ്കിൽ തക്കാളി, വെള്ളരിക്ക, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികളുടെ ക്ഷാമം ഉണ്ടാകാമെന്നാണ് അവർ പറയുന്നത്. ചെലവുകൾ കൂടിയതോടെ ചെറിയ ലാഭത്തിൽ പ്രവർത്തിക്കുന്ന കർഷകർക്ക് വലിയ ആഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് ടൊമാറ്റോ ഗ്രോവേഴ്സ് അസോസിയേഷൻ അറിയിച്ചു. ഈ സാഹചര്യത്തിൽ അടുത്ത മാസങ്ങളിൽ തന്നെ ഭക്ഷ്യവില കൂടുതൽ ഉയരാനിടയുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ.