ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരനെയും മേഗനെയും കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതായി ചാൾസ് രാജാവ്. മര്യാദയുടെ അതിരുകൾ ഹാരി കടന്നെന്നും, ഇനി അതിനെ കുറിച്ച് ഒരിക്കൽ കൂടി ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്നും രാജാവ് പറഞ്ഞു. വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തുന്നതിന് കാമില ഉത്തരവാദിയാണെന്നതുപോലുള്ള നിരവധി ആരോപണങ്ങളിൽ രാജാവ് പ്രകോപിതനായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ഹാരിയുടെ ഓർമ്മക്കുറിപ്പായ സ്പെയറിനെ കുറിച്ചുള്ള അഭിമുഖങ്ങളിലെ വെട്ടിതുറന്നുള്ള പരാമർശങ്ങളും രാജാവിനെ ചൊടിപ്പിച്ചിരുന്നു.

ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് ജനുവരി 11-ന് വിൻഡ്‌സർ എസ്റ്റേറ്റിലെ അഞ്ച് മുറികൾ ഫ്രോഗ്‌മോർ കോട്ടേജിൽ നിന്ന് അദ്ദേഹം ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹാരിയുടെ പിതാവും സഹോദരൻ വില്യം രാജകുമാരനുമായുള്ള ബന്ധത്തിന് വലിയ വിള്ളലാണ് ഇത് സമ്മാനിച്ചിരിക്കുന്നതെന്നാണ് രാജ വൃത്തങ്ങൾ പ്രതികരിക്കുന്നത്. കാമില ദുഷ്ടയായ രണ്ടാനമ്മയായി മാറുമോ എന്നുള്ളതും പുസ്തകത്തിൽ ഹാരി പരാമർശിക്കുന്നുണ്ട്. ഇവരെ വിവാഹം കഴിക്കരുതെന്ന് താനും വില്യമും പിതാവിനോട് അപേക്ഷിച്ചതായും, അപകടകാരി ആയിരിക്കില്ല എന്ന് പിന്നീട് കരുതിയിരുന്നതായും ഒരു ടിവി അഭിമുഖത്തിൽ ഹാരി കൂട്ടിച്ചേർത്തു. എന്നാൽ ജീവിതത്തിലെ വില്ലയായി മാറാനാണ് അവർ ശ്രമിച്ചതെന്നും ഹാരി പറയുന്നു.

‘തുടർന്ന് വില്യമുമായുള്ള അവളുടെ സംഭാഷണങ്ങളെക്കുറിച്ചുള്ള കഥകൾ എല്ലാ പത്രങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതൊന്നും എന്റെ സഹോദരന്റെ അറിവോടെ വന്നതല്ല. രാജകുടുംബത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ ഇങ്ങനെ പലയിടങ്ങളിൽ അവരിലൂടെ പ്രചരിച്ചു. കഥയുടെയും, കവിതയുടെയും, കാർട്ടൂണിന്റെയും രൂപത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചു’- ഹാരി രാജകുമാരൻ പറഞ്ഞു. 2020 ൽ യുഎസിലേക്ക് മാറിയതിന് ശേഷം, യുകെ സന്ദർശിക്കുമ്പോൾ ഫ്രോഗ്‌മോർ കോട്ടേജ് തങ്ങളുടെ ഇടമായി തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു. രാജകുടുംബത്തിൽ ജോലി ചെയ്യുന്ന കാലത്ത് വീട് പുതുക്കിപ്പണിയാൻ ഉപയോഗിച്ച 2.4 മില്യൺ പൗണ്ട് ദമ്പതികൾ തിരിച്ചടച്ചതായി വക്താവ് അറിയിച്ചു. അവരെ പുറത്താക്കാനുള്ള രാജാവിന്റെ തീരുമാനത്തിൽ ഞെട്ടിപ്പോയെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.