ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാന മേഖലയിൽ 1,200ലേറെ പുതിയ കുടിയേറ്റ വീടുകൾ നിർമിക്കാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങൾ രംഗത്തെത്തി. പദ്ധതി ‘അസ്വീകാര്യ’മാണെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയ രാജ്യങ്ങൾ തീരുമാനം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്.

കിഴക്കൻ ജറുസലേമിനും മാലെ അദുമിം കുടിയേറ്റത്തിനുമിടയിലുള്ള ഏകദേശം 12 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അംഗീകരിച്ച 3,401 വീടുകളിൽ 1,234 എണ്ണത്തിനുള്ള ടെൻഡറാണ് ഇസ്രയേൽ ഭവന മന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയത്. വെസ്റ്റ് ബാങ്കിനെ വടക്കും തെക്കും ആയി വിഭജിക്കുകയും കിഴക്കൻ ജറുസലേമിനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഭാവിയിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള സാധ്യതയ്ക്ക് പദ്ധതി വലിയ തിരിച്ചടിയാകുമെന്ന് പലസ്തീൻ അനുകൂലികളും ഇസ്രയേലിലെ സമാധാന സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.

വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അക്രമവും പലസ്തീൻ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള നിയന്ത്രണങ്ങളും ശക്തമായിരിക്കുന്ന സമയത്താണ് പുതിയ നീക്കമെന്നതും പാശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. പദ്ധതി തുടർന്നാൽ ഒരു പലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാകുമെന്ന് യുഎൻ സെക്രട്ടറി ജനറലും മുന്നറിയിപ്പ് നൽകി. അതേസമയം, 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ഇസ്രയേൽ ഏകദേശം 160 കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവയിൽ ഏകദേശം ഏഴ് ലക്ഷം ജൂതർ താമസിക്കുന്നുണ്ടെന്നും ഉള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.











Leave a Reply