അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
മിങ്ക് കൊറോണ ഭീതിയിൽ ഡെൻമാർക്കിൽ നിന്നുള്ള സന്ദർശകർക്ക് യുകെയിൽ വിലക്കേർപ്പെടുത്തി. ബ്രിട്ടീഷ് പൗരൻമാർക്ക് ഡെൻമാർക്കിൽ നിന്ന് തിരിച്ചെത്തി ചേരാൻ കഴിയുമെങ്കിലും 14 ദിവസത്തെ ക്വാറന്റെനിൽ കഴിയേണ്ടിവരും. ഡെൻമാർക്കിലെ മിങ്ക് ഫാമുകളിൽ വ്യാപകമായ രീതിയിൽ കൊറോണ വൈറസ് വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഡെൻമാർക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്താനുള്ള ചടുലമായ നീക്കത്തിന് പിന്നിൽ.
ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച കൊറോണാ വൈറസിനെ മിങ്കകളിൽ (ഒരിനം നീർനായ) കണ്ടെത്തിയതിനെത്തുടർന്ന് ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഡെൻമാർക്ക് തീരുമാനിച്ചിരുന്നു. മിങ്കകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് രാജ്യം നീങ്ങിയത് . മിങ്കകളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസിന്റെ വ്യാപനം ലോകത്ത് മറ്റൊരു ദുരന്തമുഖം തുറന്നിരിക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്. കാരണം കോവിഡ് – 19 നെതിരെ വികസിപ്പിച്ചെടുക്കുന്ന വാക്സിനുകൾ പുതിയ ജനിതക മാറ്റം വന്ന വൈറസുകൾക്കെതിരെ ഫലം കാണണമെന്നില്ല.
17 ദശലക്ഷത്തോളം മിങ്കകളെയാണ് കോവിഡിന്റെ ആഗോള വ്യാപന ആശങ്കയെ തുടർന്ന് കൊന്നൊടുക്കുന്നത്. ഇതുവരെ യുകെയിൽ 1,171,441 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 48,888 പേരാണ് മരണത്തിന് കീഴടങ്ങിയത്. മഞ്ഞു കാലത്തോടെ ഉണ്ടായേക്കാവുന്ന കൊറോണയുടെ വ്യാപനം തടയാനായി ബ്രിട്ടൻ രണ്ടാം ലോക്ക് ഡൗൺ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരംഭിച്ചിരുന്നു . വീടുകളിൽ തന്നെ തുടരാനും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അണിചേരാനും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
Leave a Reply