ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പം തുടർച്ചയായ രണ്ടാമത്തെ മാസവും കുതിച്ചുയർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ വരെയുള്ള വർഷത്തിൽ യുകെ പണപ്പെരുപ്പ നിരക്ക് 2.6% ആയി ഉയർന്നു. കഴിഞ്ഞ മാർച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് നിലവിലുള്ളത്.
ഇന്ധനത്തിന്റെയും വസ്ത്രങ്ങളുടെയും വിലവർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് കാരണമായത്. പണപ്പെരുപ്പ നിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ബാങ്ക് പലിശ നിരക്കുകൾ നേരത്തെ ഉയർത്തിയിരുന്നു. പടിപടിയായി കുറച്ചു കൊണ്ടുവന്ന പലിശ നിരക്ക് നിലവിൽ 4.75 ശതമാനമാണ്. പലിശ നിരക്കുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗം ഡിസംബർ 4-ാം തീയതി വ്യാഴാഴ്ചയാണ്. പണപ്പെരുപ്പം ഉയർന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്.
ഈ വർഷം ഇന്ധനത്തിൻ്റെയും വസ്ത്രങ്ങളുടെയും വില വർദ്ധിച്ചതാണ് ഈ മാസം പണപ്പെരുപ്പം വീണ്ടും ഉയർന്നതിന് കാരണമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിലെ (ONS) ചീഫ് ഇക്കണോമിസ്റ്റ് ഗ്രാൻ്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. പണപ്പെരുപ്പം കൂടിയതുകൊണ്ട് വില വർധിച്ചതിനാൽ കുടുംബങ്ങൾ ജീവിത ചിലവുമായി മല്ലിടുകയാണെന്ന് തിരിച്ചറിഞ്ഞതായി ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. എന്നാൽ പണപ്പെരുപ്പം കൂടിയതിൽ പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തി. ചാൻസലറുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമായത് എന്ന് ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് പറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കാണ് നിലവിൽ മങ്ങലേറ്റിയിരിക്കുന്നത്.
Leave a Reply