ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചികിത്സ ലഭിക്കാനുള്ള കാത്തിരിപ്പ് സമയത്തിന്റെയും പിഴവുകളുടെയും പേരിൽ എൻഎച്ച്എസ് ദിനംപ്രതി പ്രതിക്കൂട്ടിലായി കൊണ്ടിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകാലം സുത്യർഹമായി എൻഎച്ച്എസിൽ സേവനമനുഷ്ഠിച്ച പാറ്റ് ഡോസൻ്റെ മരണം എൻഎച്ച്എസ്സിന്റെ ചികിത്സാ പിഴവാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 73 വയസ്സായ അവർ ഉദര സംബന്ധമായ അസുഖങ്ങളുടെ പേരിലാണ് ഹോസ്പിറ്റലിൽ എത്തിയത്.

റോയൽ ബ്ലാക്ക് ബേൺ ഹോസ്പിറ്റലിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. 90 വയസ്സുള്ള ഒരു മനുഷ്യനുമായി ബന്ധപ്പെട്ട ഡിഎൻ ആർ റിപ്പോർട്ട് പാറ്റ് ഡോസന്റേതായി തെറ്റിദ്ധരിക്കപ്പെട്ടതാണ് അവരുടെ മരണത്തിന് കാരണമായത്. മാരകമായ രോഗമോ മറ്റ് ഗുരുതരമായ ആരോഗ്യസ്ഥിതിയോ മൂലം ഹൃദയമോ ശ്വാസമോ നിലച്ചവർക്കാണ് ഡിഎൻആർ റിപ്പോർട്ട് കൊടുക്കുന്നത്. 90 വയസ്സുകാരൻ്റെ ഡിഎൻആർ റിപ്പോർട്ട് മാറി നൽകി ചികിത്സ നിഷേധിക്കപ്പെട്ട് മരണം വരിച്ച 73 വയസ്സുകാരിയുടെ ബന്ധുക്കൾ എൻഎച്ച്എസ്സിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

തൻറെ ജീവിതം മുഴുവൻ എൻഎച്ച്എസ്സിനായി സമർപ്പിച്ച പാറ്റിൻ്റെ ജീവിതം എൻഎച്ച്എസ് സിസ്റ്റത്തിന്റെ കെടു കാര്യസ്ഥത കൊണ്ട് അപകടത്തിലായതിന്റെ ഞെട്ടലിലാണ് അവരുടെ സഹപ്രവർത്തകർ. അവർക്ക് ശരിയായ സമയത്ത് പരിചരണം ലഭിച്ചിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് മിസ്സ് ഡോസൻ്റെ മകൻ ജോൺ വിഷമത്തോടെ പറഞ്ഞത് . ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദാരുണമായ കാര്യമാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ഈസ്റ്റ് ലങ്കാഷെയർ ഹോസ്പിറ്റൽസിലെ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറും ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവുമായ ജവാദ് ഹുസൈൻ അറിയിച്ചു .