എഡിറ്റോറിയല്‍
യുകെ മലയാളി കുടുംബങ്ങളില്‍ നല്ലൊരു ശതമാനവും തങ്ങള്‍ക്ക് വേണ്ടത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട് എന്ന് കരുതുന്നവര്‍ ആണ്. ഈ വിശ്വാസത്തിന്‍റെ കാരണം മിക്കവരും തന്നെ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലൈഫ് കവറോ, മോര്‍ട്ട്ഗേജ് കവറോ, ക്രിട്ടിക്കല്‍ ഇല്‍നെസ്സ് കവറോ എടുത്തിട്ടുള്ളവര്‍ ആയത് കൊണ്ടാണ്. എന്നാല്‍ ഇങ്ങനെ ഏതെങ്കിലും ഒരു പോളിസി എടുത്തത് കൊണ്ടോ കൃത്യമായി നല്ലൊരു തുക മാസം തോറും പ്രീമിയം അടച്ചത് കൊണ്ടോ നിങ്ങള്‍ക്കും കുടുംബത്തിനും അടിയന്തിര ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് തുക കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പും എടുത്തു കഴിഞ്ഞും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമായി കൂടി ബന്ധപ്പെട്ടാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കുന്നത്.
നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷുറന്‍സ് കമ്മീഷണേഴ്സ് വെളിപ്പെടുത്തിയ വിവരമനുസരിച്ച് ഒരു ബില്യനോളം വരുന്ന തുകയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കമ്പനികള്‍ റിലീസ് ചെയ്യാത്തതായി ഉണ്ട്. പോളിസി എടുക്കുമ്പോള്‍ രേഖപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും, അതാത് സമയത്ത് കമ്പനികളെ അപ്ഡേറ്റ് ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസവും ഒക്കെ ഇന്‍ഷുറന്‍സ് തുക ആവശ്യ നേരത്ത് ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ആകുമെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പോളിസികള്‍ പലതും മുപ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത് എന്നത് മിക്കവര്‍ക്കും അറിയില്ല എന്ന വസ്തുതയും ക്ലെയിമുകള്‍ റിലീസ് ആയി കിട്ടാതിരിക്കാന്‍ കാരണമാകാറുണ്ട്. പലപ്പോഴും ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ച് പോളിസികള്‍ എടുക്കുന്ന പലരും ഇതിലെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ച് നോക്കാന്‍ പോലും മെനക്കെടാതിരിക്കുന്നത് ആവശ്യ നേരത്ത് അപകടമായി തീരും. ജീവിതകാലം മുഴുവനുള്ള കവര്‍, ലോകത്തെവിടെയും പരിരക്ഷ തുടങ്ങി ഇന്‍ഷുറന്‍സ് ഉപദേശകര്‍ പറഞ്ഞു തരുന്ന പല കാര്യങ്ങളും പലപ്പോഴും ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ അങ്ങനെയാവണമെന്നില്ല. ഇതൊക്കെയുള്ള പോളിസികള്‍ക്ക് പ്രീമിയം കൂടുമെന്നതിനാല്‍ ഉപദേശകരും ഉപഭോക്താക്കളും പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് ഭാവിയില്‍ ഗുണകരമാവില്ല എന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
പുക വലിക്കുന്നവരാണോ, എന്താണ് ജോലി, ഹോബികള്‍ എന്തൊക്കെയാണ്, മെഡിക്കല്‍ കണ്ടീഷന്‍സ് എന്തൊക്കെയാണ്, തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവരാണോ തുടങ്ങി പല കാര്യങ്ങളും വിശദമായി ചോദിക്കുന്ന ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങിയ ശേഷമാണ് എല്ലാ കമ്പനികളും ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. തീര്‍ച്ചയായും ഈ കാര്യങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ പോളിസി പ്രീമിയം തുകയെ ബാധിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സമയങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ ക്ലെയിം ചെയ്യേണ്ട സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു പോളിസി എടുത്തത് കൊണ്ടോ പ്രീമിയം കൃത്യമായി അടച്ചത് കൊണ്ടോ മാത്രം ഇന്‍ഷുന്‍സ് കമ്പനി പരിരക്ഷ നല്‍കണമെന്നില്ല. എല്ലാ വശങ്ങളും കൃത്യമായി ശ്രദ്ധിച്ച് തന്നെ വേണം പോളിസി എടുക്കാന്‍. എങ്കില്‍ മാത്രമേ ആവശ്യ നേരത്ത് ഉപകരിക്കുകയുള്ളൂ.
Leave a Reply