ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിലക്കയറ്റത്തിൽ അപ്രതീക്ഷിതമായ കുറവ് ഉണ്ടായതിനെതുടർന്ന് രാജ്യത്ത് പലിശ നിരക്ക് വീണ്ടും ഉയർത്താൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ. നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് തുടർച്ചയായി പതിനഞ്ചാമത്തെ വർദ്ധനവ് വ്യാപകമായി പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, വിലക്കയറ്റം അപ്രതീക്ഷിതമായി 6.7% ആയി കുറഞ്ഞുവെന്ന് വെളിപ്പെടുത്തിയതിന് ശേഷം പ്രതീക്ഷകൾ മാറി. എന്തായാലും നിരക്ക് നിശ്ചയിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉച്ചയോടെ തീരുമാനം വെളിപ്പെടുത്തും.

WhatsApp Image 2024-12-09 at 10.15.48 PM

യുകെയിലെ പണപ്പെരുപ്പം വരുതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് 2021 ഡിസംബർ മുതൽ നിരക്കുകൾ വർധിപ്പിക്കുന്നു. ഇത് സാധാരണയേക്കാൾ വളരെ കൂടുതലാണ്. മലയാളി കുടുംബങ്ങളെ അടക്കം ഇത് സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നു. പണപ്പെരുപ്പം കുറഞ്ഞതായി പുറത്തുവന്നതിന് ശേഷം യുകെയിലെ പലിശ നിരക്ക് വ്യാഴാഴ്ച മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാച്ച്സ് പറഞ്ഞു. അതേസമയം, പണപ്പെരുപ്പം ഇപ്പോഴും 6.7% ആണെന്നും ബാങ്ക് ലക്ഷ്യമിടുന്നത് പണപെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കാൻ ആണെന്നും അതിനാൽ നിരക്ക് വർദ്ധന ഉണ്ടായേക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് ഉയർത്തിയാൽ സാധാരണ ട്രാക്കർ മോർട്ട്ഗേജിലുള്ളവർ പ്രതിമാസം £ 26 അധികം നൽകേണ്ടി വരും. യുകെ ഫിനാൻസിന്റെ കണക്കനുസരിച്ച് എസ്‌വിആർ മോർട്ട്‌ഗേജിലുള്ളവർക്ക് 14.50 പൗണ്ടിന്റെ കുതിപ്പ് നേരിടേണ്ടിവരും. സർക്കാരിനെ സംബന്ധിച്ചിടത്തോളം, നിരക്കുകളിലെ വർദ്ധന പ്രത്യാഘാതമുണ്ടാക്കും. അതായത് രാജ്യത്തിന്റെ കടത്തിന് കൂടുതൽ പലിശ നൽകേണ്ടതായി വരും.