ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഋഷി സുനകും ലിസ് ട്രസും തമ്മിലുള്ള മത്സരം ശക്തമാകുകയാണ്. ഇരുവരും തങ്ങളുടെ നയങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. ആശുപത്രി അപ്പോയിന്റ്മെന്റ് ആവർത്തിച്ച് നഷ്‌ടപ്പെടുത്തുന്ന രോഗികളിൽ നിന്ന് £10 പിഴ ഈടാക്കുമെന്ന് സുനക് അറിയിച്ചു. അതേസമയം, മികച്ച ഗ്രേഡുകൾ നേടുന്ന വിദ്യാർത്ഥികളെ ഓക്സ്ഫോർഡിലേക്കോ കേംബ്രിഡ്ജിലേക്കോ അപേക്ഷിക്കാൻ ക്ഷണിക്കുന്ന പദ്ധതി കൊണ്ടുവരുമെന്ന് ലിസ് ട്രസ് പറഞ്ഞു. ഇത് എങ്ങനെ പ്രായോഗികമാക്കുമെന്ന് പറഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിയായാൽ വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. വിദ്യാഭ്യാസത്തിനാവും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് അവർ വ്യക്തമാക്കി.

വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സുനക് പറഞ്ഞു. നമ്മുടെ ആരോഗ്യസംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ അപ്പോയിന്റ്മെന്റ് തുടർച്ചയായി നഷ്‌ടപ്പെടുത്തുന്നവർക്ക് പിഴ ഈടാക്കും. എന്നാൽ ഇത് തത്കാലികമായിരിക്കുമെന്നും സുനക് പറഞ്ഞു. കോവിഡ് ബാക്ക്‌ലോഗുകൾ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിലെ എൻ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റിൽ അറുപതു ലക്ഷം പേരാണ് ഉള്ളത്. ഹൈ സ്ട്രീറ്റുകളിലെ ഒഴിഞ്ഞ കടകളുടെ എണ്ണം കുറയ്ക്കാനും ചുവരെഴുത്തും മാലിന്യം വലിച്ചെറിയുന്നതും തടയാൻ താൻ ആഗ്രഹിക്കുന്നുവെന്നും സുനക് പറഞ്ഞു.