ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഗ്ലോസ്റ്റർഷെയറിലുള്ള ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം നടന്ന സംശയാസ്പദ സംഭവവുമായി ബന്ധപ്പെട്ട് യു.കെ–ഇറാൻ ഇരട്ട പൗരത്വമുള്ള 25-കാരനെ ഭീകരവിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തു. 2006ലെ ടെററിസം ആക്ട് പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുപ്പ് നടത്തിയെന്ന സംശയത്തിലാണ് വെസ്റ്റ്മിൻസ്റ്ററിൽ നിന്ന് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ വ്യോമതാവളത്തിന് സമീപമുള്ള വീൽഫോർഡ് ഗ്രാമത്തിൽ സംശയാസ്പദമായി കണ്ട രണ്ട് വാനുകളുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടെങ്കിലും സംഭവത്തിന് പിന്നിൽ വിദേശ രാഷ്ട്രങ്ങളുടെ പങ്കുണ്ടോ എന്നതടക്കമുള്ള വിവിധ സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് ഭീകരവിരുദ്ധ പൊലീസ് അറിയിച്ചു. വെസ്റ്റ്മിൻസ്റ്ററിലെ രണ്ട് സ്ഥലങ്ങളിൽ പരിശോധനയും നടത്തി.

ജൂലൈയിൽ ആർഎഎഫ് ഫെയർഫോർഡ് നിയമാനുസൃത ലക്ഷ്യമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാട് ലണ്ടനിലെ ഇറാൻ എംബസി ആവർത്തിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ 85 കുടുംബങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.











Leave a Reply