ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ജോലി ഒഴിവുകൾ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു . ഇത് രാജ്യത്തെ തൊഴിൽ വിപണിയിൽ കടുത്ത മത്സരവും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വർദ്ധനവും സാമ്പത്തിക അനിശ്ചിതത്വവും കൂടുതൽ രൂക്ഷമാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജനുവരിയിൽ പരസ്യപ്പെടുത്തിയ ഒഴിവുകൾ 3% കുറഞ്ഞ് 6,95,000 ആയി; 2021 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത് 7 ലക്ഷത്തിന് താഴെയെത്തുന്നത്. 2016 നു ശേഷം ആദ്യമായാണ് ഗ്രാജുവേറ്റ് ജോലികളുടെ എണ്ണം 10,000ൽ താഴെയായത് . ഇതിനിടെ ഔദ്യോഗിക കണക്ക് പ്രകാരം തൊഴിലില്ലായ്മ 5.2% ആയി ഉയർന്നതും യുവാക്കൾക്കിടയിൽ (18–24) നിരക്ക് 14% ഉയരത്തിലെത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു.

2025 അവസാനത്തോടെ തുടങ്ങിയ ഇടിവ് കഴിഞ്ഞ ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 16% കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. ആറുമാസത്തിനിടെ ഏകദേശം 20% ഇടിവാണ് രേഖപ്പെടുത്തിയത്. ദേശീയ ഇൻഷുറൻസ് സംഭാവനകളും കുറഞ്ഞ വേതനം ഉയർത്തിയ ബജറ്റ് പ്രഖ്യാപനങ്ങൾ മൂലം തൊഴിലുടമകളുടെ ചെലവ് കൂടിയതോടെ നിയമനങ്ങൾ ചുരുക്കിയതാണ് പ്രധാന കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ചില കമ്പനികൾ നിയമനത്തിന് പകരം ഓട്ടോമേഷൻ, എഐ സംവിധാനങ്ങളിൽ നിക്ഷേപം മുൻഗണന നൽകുന്നതും അവസരങ്ങൾ കുറയാൻ ഇടയാക്കി. രാജ്യത്തുടനീളം ഇടിവുണ്ടായപ്പോൾ ലണ്ടനിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത് (ഏകദേശം 6%).

ഓരോ ഒഴിവിനും ശരാശരി 2.4 പേർ മത്സരിക്കുന്നതായി ആണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് . വെയർഹൗസ് ജീവനക്കാർ, ഹെൽത്ത്‌കെയർ സപ്പോർട്ട് വർക്കർമാർ, ലോറി ഡ്രൈവർമാർ, ലേബറർമാർ, കിച്ചൻ അസിസ്റ്റന്റുമാർ എന്നിവരാണ് ഏറ്റവും കൂടുതൽ ഒഴിവുവന്ന പോസ്റ്റുകൾ . വേതനം ശരാശരി £43,289 ആയി ഉയർന്നത് ഏകദേശം 6% വർധിച്ചത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത് 3% ആയി താഴ്ന്ന പണപ്പെരുപ്പത്തെ മറികടക്കുന്ന വളർച്ചയാണിത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .











Leave a Reply