ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളിൽ തദ്ദേശീയരെ നിയമിക്കുന്നതിനായാണ് പുതിയ കുടിയേറ്റ നയം നടപ്പിലാക്കിയതെന്നുള്ള വിവരങ്ങൾ പുറത്തുവന്നു. യുകെ ഗവൺമെൻറിൻറെ ഔദ്യോഗിക വെബ്സൈറ്റായ www.gov.uk യിലാണ് ഇതിൻറെ വിവരങ്ങൾ ഉൾപ്പെടുത്തിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളായി യുകെയിൽ എത്തുന്നവരുടെ ശമ്പള പരുധി സർക്കാർ 26, 200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ട് ആയി ഉയർത്തിയത് ഈ ലക്ഷ്യം വെച്ചാണ് . കഴിഞ്ഞവർഷം 3 ലക്ഷം പേരാണ് ഈ വിഭാഗത്തിൽ യുകെയിൽ എത്തിയത്. ഈ വർഷം യുകെയിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

പല കമ്പനികളും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം അവർക്ക് ശമ്പളം കുറച്ചു കൊടുത്താൽ മതി എന്നതായിരുന്നു . എന്നാൽ അടിസ്ഥാന ശമ്പള പരുധി ഉയർത്തിയതിലൂടെ വിദേശ തൊഴിലാളികൾക്ക് കുറച്ചു ശമ്പളം കൊടുത്ത് കൂടുതൽ ലാഭം കൊയ്യാം എന്ന കമ്പനികളുടെ പഴയകാല സമീപനം തുടരാനാവില്ല. തത്ഫലമായി കമ്പനികൾ തദേശീയരായ ബ്രിട്ടീഷുകാർക്ക് ജോലി കൊടുക്കാൻ നിർബന്ധിതരാകും എന്നാണ് ഗവൺമെൻറ് കണക്കു കൂട്ടുന്നത്. ചുരുക്കം പറഞ്ഞാൽ ഇനി തദേശീയരായ തൊഴിലാളികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികൾക്ക് യുകെയിൽ ജോലി ലഭിക്കുകയുള്ളൂ.

ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കാൻ ഒട്ടേറെ നടപടികളാണ് കഴിഞ്ഞവർഷം സർക്കാർ നിലവിൽ കൊണ്ടുവന്നത്. കുതിച്ചുയരുന്ന കുടിയേറ്റത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉയർന്നു വന്നിരുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളികളെയാണ്. പുതിയ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും യുകെയിൽ എത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.