ന്യൂസ് ഡെസ്ക്, മലയാളം യുകെ

മനസ്സിലെ ദുഃഖം സങ്കട കണ്ണീരായി ഒഴികിയിറങ്ങി. അകാലത്തിൽ മരണമടഞ്ഞ ജോജോ ഫ്രാൻസിസിന്റെ മൃതദേഹം പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സംഭവിച്ചത് അതാണ്. പൊതുദർശനം ഇന്നലെ 4 മണിക്കാണ് ആരംഭിച്ചത്. ജോജോയ്ക്ക് വിട നൽകാനായി മുന്നൂറിൽ പരം മലയാളികൾ അന്നു എത്തിച്ചേർന്നത്. ജോജോയുടെ പത്നി റീനയുടെ തേങ്ങലിന്റെ നൊമ്പര കാഴ്ച കൂടി നിന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു .

ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആണ് കുർബാനയും മറ്റു പ്രാർത്ഥനാ ശുശ്രൂഷയും നടന്നത്. ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവെലിൽ VC ആണ് പൊതുദർശനത്തിനും അതിമോപചാര കർമ്മങ്ങൾക്കും നേതൃത്വം വഹിച്ചത്. ചടങ്ങില്‍ ജോജോ ഫ്രാന്‍സിസും, ഇടവക സെക്രട്ടറി ജോമോന്‍ മാമ്മൂട്ടിലും അനുശോചന സന്ദേശം പങ്ക് വച്ചു.ഇന്നലത്തെ ചടങ്ങുകൾക്ക് ശേഷം നാട്ടിൽ ജോജോയുടെ ഇടവകയായ കുറുമ്പനാടം സെയിന്റ് അന്തോണീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്കാര ശുസ്രൂഷകൾ നടത്തുന്നതാണ്.

ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.