ജോസ്ന സാബു സെബാസ്റ്റ്യൻ

പുറം നാട്ടിൽ ജോലിചെയ്യുന്ന എല്ലാ സഹോദരികൾക്കും വേണ്ടി …
കെറ്ററിങിലുള്ള ഒരു മലയാളി നേഴ്സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭർത്താവിനാൽ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാർത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്നതാണ് കാരണമെന്ന് വാദിക്കാനോ ഞാൻ ആളല്ല . എങ്കിലും പൊതുവായി ചില കാര്യങ്ങൾ ഇവിടെ പറയപ്പെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ് . അതിനാൽ ഷെയർ ചെയ്യുന്നു …

മറ്റുള്ളവർക്ക് മുമ്പിൽ പ്രസന്നമായി പിടിച്ചുനിക്കാൻ ശ്രമിക്കുമ്പോഴും നമ്മൾക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകൾ നമ്മളുടെ ഓരോ കുടുംബത്തിലും കാണും . അതും പ്രത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവർ , ആരോടും പറയാൻ പറ്റാത്തത്ര വിഷമങ്ങൾ തീക്കനലായി കൊണ്ട് നടക്കുന്നവർ നമുക്കുചുറ്റും അനേകം .

കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകൾ അവരുടെ വിഷമങ്ങൾ എന്നോട് ഷെയർ ചെയ്തിട്ടുണ്ട് . അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടും. അവർക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടായിരിക്കാം പല പ്രശ്നങ്ങളും ഷെയർ ചെയ്തത് .

അതിൽ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോൾ ഒട്ടേറെ പുരുഷന്മാർ അവരുടെ ഭാര്യമാർക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു എന്നതിൽ മാനസിക അധികഠിനമായ സംഘർഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു .

ഇതിൽ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങൾ ഷെയർ ചെയ്യാം . ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭർത്താക്കന്മാർ , നാട്ടിലോ ഗൾഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയിൽ വൈറ്റ് കോളർ ജോലി ചെയ്തു ശീലിച്ചവരാകാം . അങ്ങനുള്ള അവർ ഡിപ്പൻഡൻറ് വിസയിൽ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോൾ , അവർക്ക് മനസിൽ പോലും ചിന്തിക്കാൻ പറ്റാത്ത പലവിധ ജോലികളിൽ ഏർപ്പെടേണ്ടതായി വരും . ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകിൽ മുട്ടുമ്പോൾ എന്ത് ജോലിയും ചെയ്യാനവർ നിർബന്ധിതരാകും . അങ്ങനുള്ളപ്പോൾ അത് മറികടക്കാൻ സ്ത്രീകൾ കൂടുതൽ സമയം ജോലിയിൽ ഏർപ്പെടേണ്ടതായി വരുമ്പോൾ കുട്ടികളുടെ ഉത്തരവാദിത്വം , വീട്ടിലെ ഉത്തരവാദിത്വം എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും .

നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികൾ ഓരോന്നായി നശി ക്കുമ്പോൾ , തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും , സ്ഥാനമാനങ്ങളുമൊക്കെ അവർക്ക് വേഗന്ന് അംഗീകരിക്കാൻ കഴിയണമെന്നില്ല .

ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കിൽ വീണു പോയ ഭാര്യമാർക്ക് അവരുടെ ജോലി ഭാരം മൂലമോ , ബാധ്യതകൾ മൂലമോ , ശാരീരിക അസ്വസ്ഥതകൾ മൂലമോ ഒക്കെ , ഭർത്താവിന്റെ വൈകാരികതയെ അവർക്ക് മനസിലാക്കാനും കഴിഞ്ഞെന്നു വരില്ല . അങ്ങനെ വരുമ്പോൾ പുരുഷന്മാർ സാവധാനം മദ്യത്തിലേക്കും കൂട്ടു കെട്ടിലേക്കും വീണുപോകുന്നു . അങ്ങനെ ഭാര്യയോടുള്ള അസഹിഷ്‌ണത ദേഷ്യമായും ദേഹോപദ്രവുമായൊക്കെ പലതരത്തിൽ പുറത്തു വരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനു പുറമെ, ഇന്നുവരെ ആണുങ്ങളുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോർട്ടൻസിനെ കുറിച്ചവർക്ക് സംസാരിക്കാനോ കംപ്ലൈന്റ്റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നുമില്ല എന്നത് അവരുടെ പെരുമാറ്റത്തിൽ മൂർച്ച കൂട്ടാം . എവിടെയും ആരോടും പറയാതെ അല്ലെങ്കിൽ പറയാൻ കഴിയാതെ ഞാൻ ഓക്കെ എന്ന് ആയി ജീവിക്കുന്ന എത്ര പുരുഷൻമാർ നമുക്ക് ചുറ്റുമുണ്ടാകും?.

അതേപോലെതന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങൾ അവൾക്ക് ഡിസ്‌കസ് ചെയ്യാൻ അവസരങ്ങളും കേൾവിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും , പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓർത്ത് ആരോടും പറയാൻ പറ്റാതെ , എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട് .

ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോൾ വേറാർക്കും പകുത്തെടുക്കാൻ പറ്റാത്ത ഒന്നു തന്നെയാണ് . അവൻ അല്ലെങ്കിൽ അവൾ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കൊരു ബലമാണ് സംരക്ഷണമാണ് . അതിനാൽ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആർഭാടങ്ങളുടെയും ഇടയിൽ പെട്ട് നശിച്ചുപോകാൻ നമ്മൾ ഇടയാക്കരുത്. പ്രത്യേകിച്ചു നമ്മൾ പെണ്ണുങ്ങൾ ഒരു പ്രായം കഴിഞ്ഞാൽ അല്ലെങ്കിൽ കുട്ടികളായാൽ അതുമല്ലെങ്കിൽ വാർക്കഹോളിക് ആയാൽ വൈകാരികമായ കാര്യങ്ങൾക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോർട്ടൻസ് കൊടുക്കാൻ തോന്നില്ല.

അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവൻ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോൾ കുടുംബ ജീവിതത്തിൽ പൗണ്ടുകൾക്കു നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാകുന്നു . പണ സമ്പാദനത്തിനായ് പ്രായപൂർത്തി ആകാത്ത മക്കളെ ഇട്ടു രാപകൽ ജോലി ചെയ്യുമ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നമ്മൾ ഇന്നും നൊസ്റ്റാൾജിയ ആയി മനസ്സിൽ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാൽ നമ്മടെ മക്കൾക്ക് നഷ്ടപ്പെടുന്ന അമ്മയുടെ സ്നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്.

അതുകൊണ്ടൊക്കെ നമ്മൾ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക . അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കിൽ അതിൽ ആനന്ദം കണ്ടെത്തുക . എത്ര കൂടുതൽ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങൾക്ക് ആശുപത്രി കിടക്ക വരയെ ആയുസുള്ളൂ . അതുകഴിയുമ്പോൾ നമ്മളുടെ ജീവിതം ഡോക്ടർമാർ നേഴ്സുമാർ സോസിഷ്യൽ വർക്കർമാർ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക .

ഇന്ത്യയിലെ പോലെ നമ്മൾ മക്കൾക്കായി, ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല . പിന്നെ ഒരു സോഷ്യൽ സ്റ്റാറ്റസിന് വേണ്ടി മാത്രം രാപകൽ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക ..ജീവിതം ആസ്വദിക്കുക .. പങ്കാളിയുടെ മാനസിക മാറ്റങ്ങൾ മനസിലാക്കി എടുക്കാൻ തക്ക ബന്ധങ്ങൾ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ ….

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, ഒരുമിച്ച് പോകാൻ കഴിയില്ല എന്നുണ്ടെങ്കിൽ മാന്യമായി വേർപിരിയുക. യുകെ പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെൻസിൽ പെണ്ണുങ്ങൾക്ക് ആണ് സൗണ്ട് കൂടുതൽ . അങ്ങനൊരു സാഹചര്യത്തിൽ National Domestic Abuse Helpline – 0808 2000 247 / The Men’s Advice Line, for male domestic abuse survivors – 0808 801 0327 കോൺടാക്ട് ചെയ്യുക .

ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെടുക്കാൻ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആർക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാർഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ .