സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധ കാരണം രാജ്യത്തെ പല മേഖലകളും പ്രതിസന്ധിയിലായിരിക്കുകയാണ്. അവശ്യവസ്തുക്കൾ ആയ പഴം, പച്ചക്കറി എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നു. ഫാമുകളിൽ ജോലിചെയ്യുവാൻ ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തത് മൂലമാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. കടുത്ത യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് ജോലിക്കാർക്ക് ഫാമുകളിലേക്ക് എത്തിപ്പെടാനും സാധിക്കുന്നില്ല. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ വിളവെടുപ്പ് നടത്തിയില്ലെങ്കിൽ ഹെക്ടർ കണക്കിന് കൃഷി നശിച്ചു പോകുമെന്ന് ഫാമിംഗ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഭക്ഷ്യ ക്ഷാമത്തിലേക്ക് വഴിതെളിക്കുമെന്നും അവർ പറയുന്നു.

വേനൽക്കാല ഫലങ്ങളുടെ വിളവെടുപ്പിനും സമയം ആയിരിക്കുകയാണ്. ഇത്തരം ഫാമുകളുടെ ലൊക്കേഷനുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള ജോലി സാധ്യതകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട് ആവശ്യമായ ജീവനക്കാർ അവിടേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാമിംഗ് സംഘടനകൾ പറഞ്ഞു. സാധാരണയായി കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരാണ് ഈ ജോലികൾ എല്ലാം ചെയ്തിരുന്നത്. ഇപ്പോൾ യാത്ര നിയന്ത്രണങ്ങൾ കാരണം അവർക്ക് ഫാമിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുമാത്രം ഈ ജോലികൾ എല്ലാം തന്നെ പൂർത്തിയാക്കേണ്ടതാണ്.

യൂറോപ്പിൽ നിന്നുമുള്ള ജോലിക്കാരെ ഫാമുകളിലേക്ക് എത്തിക്കുന്നതിനായി, ചില വൻകിട ഫാമുകൾ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യങ്ങൾക്കും മുൻപ് റഷ്യ, മാൾഡോവ, ജോർജിയ, ഉക്രൈൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നെല്ലാം ജോലിക്കാർ ബ്രിട്ടനിൽ എത്തിയിരുന്നു. നാഷണൽ ഫാർമേഴ്സ് യൂണിയൻ, അസോസിയേഷൻ ഓഫ് ലേബർ പ്രൊവൈഡേഴ്സ് തുടങ്ങിയ സംഘടനകൾ എല്ലാം തന്നെ, ചാർട്ടേർഡ് ഫ്ളൈറ്റുകളിൽ ജോലിക്കാരെ എത്തിക്കുന്നതിന് ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യം മുന്നോട്ട് പോവുകയാണെങ്കിൽ ബ്രിട്ടണിൽ കടുത്ത ക്ഷാമം അനുഭവപ്പെടും. അടുത്ത ആഴ്ചയിൽ തന്നെ അസ്പരാഗസ്, ബീൻസ് എന്നിവയ്ക്ക് ക്ഷാമം ഉണ്ടാകും. ഏപ്രിൽ ആദ്യത്തെ ആഴ്ചയോടെ തക്കാളിക്കും ക്ഷാമം ഉണ്ടാകും. ഈ സാഹചര്യം നേരിടുവാൻ ഗവൺമെന്റിൻെറ നടപടികൾക്കായി കാത്തിരിക്കുകയാണ് ഫാമിംഗ് സംഘടനകൾ.











Leave a Reply