ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൗത്ത് ലണ്ടനിലെ കോവിഡ് ബാധിതനായ 13 വയസ്സുകാരന്റെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്തും. കുട്ടിയുടെ ചികിത്സയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 മാർച്ചിൽ കോവിഡ് ബാധിതനായി മരിച്ച യുകെയിലെ ആദ്യത്തെ കുട്ടിയാണ് ബ്രിക്സ്റ്റണിൽ നിന്നുള്ള ഇസ്മായിൽ മുഹമ്മദ് അബ്ദുൾ വഹാബ്. ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ് 19 പിടിപെട്ടതായി കണ്ടെത്തി മൂന്നാം ദിവസം ഇസ്മായിൽ മരിക്കുകയായിരുന്നു. കുട്ടിയുടെ ബ്രീത്തിങ് ട്യൂബ് തെറ്റായ നിലയിൽ കണ്ടെത്തിയിട്ടും അത് ശരിയാക്കാതെ ഷിഫ്റ്റിൽ കൂടുതൽ ജീവനക്കാർ വരുന്നത് വരെ ഡോക്ടർ കാത്തിരുന്നതായി കോടതി കണ്ടെത്തി. പ്രസ്‌തുത സംഭവം നടന്ന രാത്രി തന്നെ ഇസ്മായിൽ മരിക്കുകയായിരുന്നു.

ബ്രീത്തിങ് ട്യൂബ്സ് നേരത്തെ മാറ്റി സ്ഥാപിക്കാത്തതാണോ മരണ കാരണം എന്ന് അന്വേഷണം നടത്തുമെന്ന് സീനിയർ കൊറോണർ ആൻഡ്രൂ ഹാരിസ് പറഞ്ഞു. ഇസ്മായിൽ വൈറസ് ബാധ മൂലമോ പ്രതിരോധശക്തി കുറഞ്ഞത് മൂലമോ മരിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡോക്ടറുടെ താമസിച്ചുള്ള ഇടപെടൽ മൂലമാണോ കുട്ടി മരിച്ചത് എന്നായിരിക്കും പരിശോധിക്കുക. ഗവൺമെന്റിന്റെ ഒറ്റപ്പെടൽ നിയന്ത്രണങ്ങൾ മൂലം കുട്ടിയുടെ കുടുംബത്തിന് അവനോടൊപ്പം അവസാന നാളുകളിൽ സമയം ചെലവഴിക്കാൻ സാധിച്ചിരുന്നില്ല. ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനും ഇവർക്ക് കഴിഞ്ഞിരുന്നില്ല. ലണ്ടൻ ഇന്നർ സൗത്ത് കൊറോണർ കോടതിയിൽ മാർച്ച് ഒന്നിനായിരിക്കും അടുത്ത വിചാരണ നടക്കുക.