സ്വന്തം ലേഖകൻ
മെഡിക്കൽ സ്നിഫർ ഡോഗ്സ് അഥവാ മെഡിക്കൽ രംഗത്ത് മണം പിടിക്കാൻ കഴിവുള്ള ശ്വാനൻ മാരെ ഉപയോഗിച്ച് മനുഷ്യരിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്ന് ഗന്ധത്തിലൂടെ പരിശോധിക്കാനുള്ള ശ്രമത്തിലാണ് യുകെയിലെ മെഡിക്കൽ ടീം. ചാരിറ്റി മെഡിക്കൽ ഡോഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ നായ്ക്കൾ ക്യാൻസർ, മലേറിയ, പാർക്കിൻസൺ രോഗം എന്നിവ മണത്തു കണ്ടുപിടിക്കാൻ പരിശീലനം ലഭിച്ചവരാണ്. ചാരിറ്റി ആൻഡ് ഡൻഹാം യൂണിവേഴ്സിറ്റിയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ സ്റ്റഡീസും ചേർന്നാണ് പരീക്ഷണത്തിൻെറ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഗവൺമെന്റ് അഞ്ച് മില്യൺ പൗണ്ട് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
വേഗതയേറിയ ടെസ്റ്റുകൾ കണ്ടെത്തുന്നതിൻെറ ഭാഗമായി ഈ നായ്ക്കൾ വേഗതയേറിയ കൃത്യമായ ടെസ്റ്റ് റിസൾട്ടുകൾ നൽകും എന്നാണ് കരുതപ്പെടുന്നത്. മനുഷ്യരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ, ലാബ്രഡോർ കോക്കർ സ്പാനിയേൽ എന്നീ ഇനങ്ങളിൽപെട്ട കോവിഡ് നായ്ക്കൾ ഗന്ധ സാമ്പിളുകളിലൂടെ മണത്ത് അറിയും. ഇത്തരം ബയോ ഡിറ്റക്ഷൻ നായ്ക്കൾ മണിക്കൂറിൽ 250 ഓളം സാമ്പിളുകൾ പരിശോധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ആദ്യപടിയായി എൻ എച്ച് എസ് സ്റ്റാഫ് ലണ്ടനിലെ ആശുപത്രികളിൽ നിന്നും കൊറോണ വൈറസ് ബാധിച്ചവർ ഉപയോഗിച്ച് മാസ്ക് ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കും. അവയോടൊപ്പം രോഗബാധയില്ലാത്തവർ ഉപയോഗിച്ച സമാനമായ വസ്തുക്കളും ഉപയോഗിച്ചായിരിക്കും പരിശീലനം നടത്തുക. ശരീരഗന്ധം ഉച്ഛ്വാസവായു എന്നിവയാണ് പ്രധാനമായും ഈ ടെസ്റ്റിന് ഉപയോഗിക്കുന്നത്.
നോർമാൻ, ഡിഗ്ബി, സ്റ്റോമ്, സ്റ്റാർ, ജാസ്പർ, ആഷർ എന്ന ആറ് നായ്ക്കൾക്കാണ് പരിശീലനം നൽകുക. ആറു മുതൽ എട്ട് ആഴ്ച വരെ പരിശീലനത്തിനു വേണ്ടി വന്നേക്കാം. മൂന്നു മാസത്തെ പരീക്ഷണ കാലയളവിനുശേഷം ഈ നായ്ക്കൾ ആരോഗ്യരംഗത്ത് ഉപകാരപ്രദമെന്നു ബോധ്യപ്പെട്ടാൽ ഇവയെ രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങൾ ആയ എയർപോർട്ട്, മറ്റ് ടെസ്റ്റിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കും.
ഒരു ഒളിമ്പിക്സ് സൈസ് സ്വിമ്മിംഗ് പൂളിൽ ഒരു സ്പൂൺ പഞ്ചസാര കലക്കിയാൽ എത്ര ശതമാനം ആണോ ഉണ്ടാവുക അത്രയും സാധ്യതയുള്ള രോഗങ്ങളെ വരെ കണ്ടെത്താൻ പത്തു വർഷത്തോളമായി ഗവേഷണം നടത്തി പരിശീലനം നൽകിയ ഈ നായ്ക്കൾക്ക് സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. ചാരിറ്റിയുടെ സഹസ്ഥാപകയായ ഡോക്ടർ ക്ലെയർ ഗസ്റ്റ് പറയുന്നത് തങ്ങളുടെ നായ്ക്കളെ തീർച്ചയായും ഇതിന് ഉപയോഗിക്കാൻ കഴിയുമെന്നും, വ്യാപകമായ രീതിയിലേക്ക് ഈ ടെസ്റ്റിംഗ് സമ്പ്രദായം വളരാൻ സാധ്യതയുണ്ട് എന്നുമാണ്. മുൻപ് മലേറിയ ഉള്ള വ്യക്തികൾ ധരിച്ചിരുന്ന സോക്സിൽ നിന്ന് രോഗം കണ്ടെത്താൻ ഇവയ്ക്ക് സാധിച്ചിരുന്നു എന്നത് ആരോഗ്യരംഗത്ത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.
Leave a Reply