ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ആഗോള ബോണ്ട് വിപണിയിലെ വിൽപന ശക്തമായതോടെ ബ്രിട്ടനിലെ ഭവനവായ്പ പലിശനിരക്ക് ഉയരാനുള്ള സാധ്യത. പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയും പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷയും വായ്പാ വിപണിയെ സമ്മർദത്തിലാക്കുകയാണ്. ബാങ്കുകൾ ഭവനവായ്പ നിരക്ക് നിശ്ചയിക്കാൻ ഉപയോഗിക്കുന്ന യുകെ സ്വാപ് നിരക്ക് മൂന്ന് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. അഞ്ച് വർഷത്തെ സ്വാപ് നിരക്ക് ബുധനാഴ്ച 4.52 ശതമാനത്തിന് മുകളിലെത്തി. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

എണ്ണവില ഉയർന്നതും ബോണ്ട് വിപണിയിലെ സമ്മർദത്തിന് പ്രധാന കാരണമായി. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ എണ്ണവില ഉയർന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചു. ഇതോടെ നിക്ഷേപകർ ബോണ്ടുകൾ വിറ്റഴിച്ചതോടെ അവയുടെ യീൽഡ് അഥവാ പലിശനിരക്ക് ഉയർന്നു. യുകെ സർക്കാർ ബോണ്ടുകളായ ഗിൽറ്റുകളിലെ നീക്കങ്ങൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായിരുന്നു. സർക്കാർ കടമെടുപ്പ് ചെലവ് ഉയർന്നുനിൽക്കുന്നത് വായ്പയെടുക്കുന്നവരുടെ ചെലവ് വർധിപ്പിക്കാനും ജീവിതച്ചെലവ് കുറയ്ക്കാനുള്ള പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.

അതേസമയം, വ്യാഴാഴ്ച ബോണ്ട് വിപണിയിലെ ചാഞ്ചാട്ടം അൽപം കുറഞ്ഞെങ്കിലും വായ്പയെടുക്കുന്നവർക്ക് ആശ്വാസമായിട്ടില്ല. യോർക്ക്ഷയർ ബിൽഡിങ് സൊസൈറ്റി മാനേജിങ് ഡയറക്ടർ ടോം സിംപ്സൺ പറയുന്നത്, ഒരു വർഷം മുൻപത്തേതിനെക്കാൾ സ്വാപ് നിരക്ക് 0.7 ശതമാനം പോയിന്റ് ഉയർന്നിട്ടുണ്ടെന്നാണ്. നിലവിലെ സാഹചര്യത്തിൽ ഭവനവായ്പ നിരക്കിൽ ചെറിയ വർധന പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. മണിഫാക്ട്സ് കണക്കുകൾ പ്രകാരം ശരാശരി രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.59 ശതമാനവും അഞ്ച് വർഷത്തേത് 5.63 ശതമാനവുമാണ്.











Leave a Reply