ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഉയർന്ന രക്തസമ്മർദമുള്ളവരിൽ പകുതിയോളം പേരുടെ രക്തസമ്മർദം ചികിത്സയിലായിട്ടും നിയന്ത്രണവിധേയമല്ലെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു . അതേസമയം, ഉയർന്ന രക്തസമ്മർദമുള്ളവരിൽ 59 ശതമാനം പേർക്കും രോഗാവസ്ഥയെക്കുറിച്ച് അറിവില്ലെന്നും ഓക്‌സ്‌ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ 14 ലക്ഷം മുതിർന്നവരിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. രോഗം തിരിച്ചറിയാതെ തുടരുന്നത് പക്ഷാഘാതം, ഹൃദയാഘാതം, നേരത്തെയുള്ള മരണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

2022 മുതൽ 2025 വരെ ‘ഔർ ഫ്യൂച്ചർ ഹെൽത്ത്’ പദ്ധതിയിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. 37 ശതമാനം മുതിർന്നവരിലും ഉയർന്ന രക്തസമ്മർദം കണ്ടെത്തി. പുരുഷന്മാരിൽ 42 ശതമാനവും സ്ത്രീകളിൽ 29 ശതമാനവും ഉയർന്ന രക്തസമ്മർദമുള്ളവരാണെന്നും പഠനത്തിൽ കണ്ടെത്തി. 2011ന് ശേഷം രോഗം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലുമുള്ള പുരോഗതി നിലച്ചതായും കോവിഡ് കാലത്തെ ആരോഗ്യപരിചരണ സംവിധാനത്തിലെ തടസ്സങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കാമെന്നും ഗവേഷകർ പറഞ്ഞു.

ഉയർന്ന രക്തസമ്മർദം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നിലവിലെ സംവിധാനം ഫലപ്രദമല്ലെന്ന സൂചനയാണ് പഠനഫലമെന്ന് പ്രധാന ഗവേഷക വെൻയു ലിയു പറഞ്ഞു. ചികിത്സയിലുള്ളവരിൽ പോലും രക്തസമ്മർദം നിയന്ത്രണവിധേയമാകാത്തതിന് മരുന്നിന്റെ അളവ് മാറ്റേണ്ടിവരുന്നത്, ഒന്നിലധികം മരുന്നുകൾ ആവശ്യമായി വരുന്നത്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, ജീവിതശൈലി തുടങ്ങിയ പല കാരണങ്ങളുണ്ടാകാമെന്ന് ഡോ. ഇയാൻ ടേൺബുൾ വ്യക്തമാക്കി. ഉയർന്ന രക്തസമ്മർദം നേരത്തെ കണ്ടെത്തുകയും ഫലപ്രദമായി ചികിത്സിക്കുകയും ചെയ്താൽ നിരവധി ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും ഒഴിവാക്കാനാകുമെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ ചീഫ് സയന്റിഫിക് ആൻഡ് മെഡിക്കൽ ഓഫീസർ പ്രൊഫ. ബ്രയാൻ വില്യംസ് പറഞ്ഞു.











Leave a Reply