ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ വാഹനയാത്രക്കാർക്ക് ഇനി സമീപത്തെ പെട്രോൾ പമ്പുകളിലെ ഇന്ധനവിലകൾ ഗൂഗിൾ മാപ്സിൽ തന്നെ തത്സമയം അറിയാം. സർക്കാർ നടപ്പാക്കിയ ‘ഫ്യൂവൽ ഫൈൻഡർ’ പദ്ധതിയിലെ വിവരങ്ങൾ ഉപയോഗിച്ചാണ് ഗൂഗിൾ മാപ്സ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുകൾ പ്രദർശിപ്പിക്കുന്നത്. രാജ്യത്തെ 99 ശതമാനം പെട്രോൾ പമ്പുകളിലെ വിലവിവരങ്ങൾ ഇതിലൂടെ ലഭ്യമാകുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തുള്ള പമ്പുകൾ തമ്മിൽ വില താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം നിറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ യുകെയിൽ ഡീസൽ വില ലിറ്ററിന് രണ്ട് പൗണ്ടിലെത്തിയിരിക്കുകയാണ്. മധ്യപൂർവദേശത്തെ സംഘർഷങ്ങളും ആഗോള വിതരണപ്രശ്നങ്ങളും ഇന്ധനവില ഉയരാൻ കാരണമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വാഹനമുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ ശരാശരി 40 പൗണ്ട് വരെ ലാഭിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്ക്.

ഇന്ധനവിലകളിലെ സുതാര്യത വർധിപ്പിക്കാനും പമ്പുകൾ തമ്മിലുള്ള മത്സരം ശക്തമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് എ.എ. പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. വിലമാറ്റങ്ങൾ 30 മിനിറ്റിനകം റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. നേരത്തെ വെയ്‌സ്, എ.എ., ആർ.എ.സി ഫ്യൂവൽ വാച്ച് തുടങ്ങിയ ആപ്പുകളിൽ ലഭ്യമായിരുന്ന വിവരങ്ങളാണ് ഇപ്പോൾ ഗൂഗിൾ മാപ്സിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.