യുകെയിൽ പുതിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം അതിവേഗമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ട്രാക്കിംഗ് വിദഗ്ധരാണ് വൈറസിന്റെ പുതിയ രൂപമാറ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഡെല്‍റ്റയുടെ സബ്‌വേരിയന്റ് പടരുന്നത് നേരത്തെ തന്നെ രാജ്യത്തിന് ആശങ്കയായിരുന്നു. പുതിയ സബ് സ്‌ട്രെയിന്‍ എവൈ.43 ഇംഗ്ലണ്ടില്‍ 8138 തവണ കണ്ടെത്തിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ മധ്യത്തോടെ കണ്ടെത്തിയ ഈ രൂപമാറ്റം രാജ്യത്ത് 24 കേസുകളില്‍ ഒന്നിന് മാത്രമാണ് കാരണമാകുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം വകഭേദത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ ഇതിന് കൂടുതല്‍ വ്യാപന ശേഷിയും, വാക്‌സിനുകളെ മറികടക്കാനും സാധിക്കുമെന്ന് ഉറപ്പാക്കുന്ന തെളിവുകളൊന്നും തല്‍ക്കാലം ലഭിച്ചിട്ടില്ല.
ഡെല്‍റ്റയുടെ മറ്റൊരു രൂപമാറ്റമായ എവൈ.4.2 കേസുകള്‍ അതിവേഗത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ്, അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ വൈറസിനെ സജീവമായി നിരീക്ഷിക്കുന്നുണ്ട്. എവൈ. 4.2 സബ് വേരിയന്റ് ഇംഗ്ലണ്ടിലെ ആകെ കേസുകളില്‍ 11 ശതമാനത്തിന് കാരണമാകുന്നുണ്ട്. ക്രാവെന്‍, ബേണ്‍ലി, ഹിന്‍ഡ്‌ബേണ്‍, മെല്‍ട്ടണ്‍, ഓഡ്ബി & വിംഗ്‌സ്റ്റണ്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ ഇടത്തും ഈ വേരിയന്റ് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
രണ്ട് സബ് സ്‌ട്രെയിനുകള്‍ക്കും ഇതുവരെ പേരിട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ഇവയെ ഭീഷണിയായി പരിഗണിച്ചാല്‍ എവൈ.4.2വിന് ‘നൂ’ എന്ന് പേരുവരുമെന്നണ് കരുതുന്നത്. ഇതിന് കേസുകള്‍ ശക്തമായി ഉയരുകയും വേണം. ഡെല്‍റ്റാ വേരിയന്റില്‍ നിന്നും നൂറുകണക്കിന് എവൈ രൂപമാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഭീഷണി ഉയര്‍ത്തുന്നവയല്ല എന്നാണു ഇപ്പോഴത്തെ വിലയിരുത്തല്‍ .
ഡെല്‍റ്റ ലോകത്തില്‍ മുഴുവന്‍ പടരുകയും, 108 രാജ്യങ്ങളില്‍ 84000 കേസുകളും സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് എവൈ.43 ജൂലൈയില്‍ കണ്ടെത്തിയത്. ഇത് കൂടുതലും യൂറോപ്പിലാണ് കാണപ്പെടുന്നത്. ഫ്രാന്‍സില്‍ സെപ്റ്റംബര്‍ മുതല്‍ പകുതി കേസുകള്‍ക്കും ഈ വേരിയന്റാണ് കാരണമാകുന്നത്. യുകെയിലാകട്ടെ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ആള്‍ക്കൂട്ടങ്ങള്‍ സജീവമാകുകയും ശൈത്യകാലം അടുത്തെത്തുകയും ചെയ്ത സാഹചര്യം ആശങ്ക വർധിപ്പിക്കുന്നു.
അതിനിടെ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം കഴിയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ വാക്‌സിന്‍ എടുക്കുന്നതില്‍ തണുപ്പന്‍ സമീപനമെന്ന് റിപ്പോർട്ട്. വാക്സിനേഷനില്‍ വര്‍ദ്ധനവ് വന്നിട്ടില്ലെന്ന് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കി. നവംബര്‍ 11-നകം എല്ലാ കെയര്‍ ഹോം ജീവനക്കാരും രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നത് നിയമപരമായ നിബന്ധനയാക്കിയാണ് മന്ത്രിമാര്‍ മാറ്റിയത്.
ഇതിന് തയ്യാറായില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ ഒരുങ്ങാനും മുന്നറിയിപ്പ് നല്‍കിയിരുന്നു . അതുവഴി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, പ്രായമായ രോഗികളെ സംരക്ഷിക്കാനും സാധിക്കുമെന്നായിരുന്നു മന്ത്രിമാരുടെ പ്രതീക്ഷ. എന്നാല്‍ ഈ നയം കൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കെയര്‍ ഹോം മേധാവിമാര്‍ മെയിലിനോട് പ്രതികരിച്ചത്. നയം നടപ്പാക്കുമ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ കടുപ്പമാക്കാനാണ് ഇത് ഉപകരിക്കുകയെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
അതേസമയം ബ്രിട്ടീഷ് സർക്കാരിൻ്റെ കോവിഡ് പ്രതിരോധത്തിൽ പാളിച്ച പറ്റിയതായി ആരോപിച്ച് പ്രമുഖ ശാസ്ത്രജ്ഞനും വെൽകം ട്രസ്റ്റിന്റെ ഡയറക്ടറുമായ സർ ജെറമി ഫരാർ പാൻഡെമിക് ഉപദേശക സമിതിയിൽ നിന്ന് രാജിവച്ചു. യുകെയിൽ കാണപ്പെടുന്ന ഉയർന്ന തോതിലുള്ള വ്യാപനം തടയുന്നതിനുള്ള “വാക്സിൻ പ്ലസ്” തന്ത്രത്തിനായി സർ ജെറമി വാദിച്ചിരുന്നു. എന്നാൽ സർക്കാരും സേജ് കമ്മിറ്റിയും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല.
Leave a Reply