ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയും ജപ്പാനും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര വ്യാപാര കരാറിലേക്കുള്ള ചുവടുവെപ്പായാണ് ഈ കരാറിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ന്യൂസിലൻഡുമായുള്ള വ്യാപാര കരാർ ബ്രിട്ടീഷ് വ്യാപാര രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യത കുറവാണ്. യുകെയുടെ ആകെ വ്യാപാരത്തിന്റെ ഒരു ചെറിയ അനുപാതം മാത്രമാണ് ന്യൂസിലൻഡുമായി നടക്കുന്നത്, 0.2%ൽ താഴെ.

16 മാസത്തെ ചർച്ചകൾക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോൺസണും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡറും ബുധനാഴ്ച വീഡിയോ കോളിലൂടെ കരാറിന് അംഗീകാരം നൽകിയത്. വസ്ത്രങ്ങൾ, കപ്പലുകൾ, ബുൾഡോസറുകൾ എന്നിവ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉത്പന്നങ്ങൾക്കും ന്യൂസിലൻഡിന്റെ വൈൻ, ഹണി, കിവി ഫ്രൂട്ട് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും ഇതോടെ നികുതി ഇല്ലാതാകും.

അതേസമയം കരാർ യുകെ കർഷകരെ ദോഷകരമായി ബാധിക്കുകയും ഭക്ഷ്യ നിലവാരം കുറയ്ക്കുകയും ചെയ്യുമെന്ന് ലേബറും നാഷണൽ ഫാർമേഴ്സ് യൂണിയനും (എൻഎഫ് യു) ആരോപിച്ചു. എന്നാൽ, ഉൽപന്നങ്ങൾ മികച്ച രീതിയിൽ പങ്കിടുന്നതിലൂരെ രണ്ട് രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ കരാർ നൽകുമെന്നും ബ്രിട്ടീഷ് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി-മേരി ട്രെവലിയൻ പറഞ്ഞു.

അഭിഭാഷകർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ യുകെ പ്രൊഫഷണലുകൾക്ക് ന്യൂസിലാൻഡിൽ കൂടുതൽ എളുപ്പത്തിൽ ജോലി നേടാനാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.