ലണ്ടന്‍: ലോക സാമ്പത്തിക ശക്തികളില്‍ യുകെ പിന്നാക്കം പോയെന്ന് തുറന്ന് സമ്മതിച്ച് സര്‍ക്കാര്‍. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് യുകെ ആറാം സ്ഥാനത്തായെന്ന് പരാമര്‍ശിച്ചത്. ഇപ്പോള്‍ ഫ്രാന്‍സിന് പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ശക്തിയേക്കുറിച്ച് പറയാന്‍ ബജറ്റ് പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകളില്‍ ബ്രിട്ടന്‍ പിന്നാക്കം പോയെന്ന് സമ്മതിക്കുക കൂടിയായിരുന്നു ഹാമണ്ട്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഫ്രാന്‍സിനെക്കൂടാതെ ലോക സാമ്പത്തിക ശക്തികളില്‍ മുന്‍നിരയിലുള്ളത്.

അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രങ്ങളില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്താണ്. നമുക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളുടെ സാന്നിധ്യമുണ്ട്. ഭാവിയിലെ ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറാവുന്ന ടെക്, ഡിജിറ്റല്‍ വ്യവസായങ്ങളില്‍ നിര്‍ണ്ണായക ശക്തിയും നാമാണെന്ന് പ്രസംഗത്തില്‍ പറഞ്ഞ ഹാമണ്ട് ബ്രിട്ടന്‍ ലോകത്തെ ആറാമത്തെ സാമ്പത്തികശക്തിയാണെന്നും പറഞ്ഞു. സമ്പദ് വ്യവസ്ഥയെ അളക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 2016ലെ ജിഡിപി അനുസരിച്ച് യുകെ ഇപ്പോഴും ഫ്രാന്‍സിനു മുന്നിലാണെന്നാണ് ലോകബാങ്ക് ഡേറ്റ പറയുന്നത്. 2.618 ട്രില്യന്‍ ഡോളര്‍ ആണ് ബ്രിട്ടന്റെ ജിഡിപി.

എന്നാല്‍ ഐഎംഎഫ് നടത്തിയ പ്രവചനമനുസരിച്ച് 2017ല്‍ ഫ്രാന്‍സ് ബ്രിട്ടനെ ബഹുദൂരം പിന്നിലാക്കും. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ട്രഷറി ഔദ്യോഗിക പ്രവചനം പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം 1.5 ശതമാനവും അടുത്ത വര്‍ഷം 1.4 ശതമാനവും വളര്‍ച്ച മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്നാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് പറയുന്നത്. 2050ഓടെ ബ്രിട്ടന്‍ സാമ്പത്തിക ശക്തികളില്‍ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പിഡബ്ല്യുസി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.