ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ് ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിൽ ആളുകളെയും വഹിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ അവസാനത്തെ വിമാനം കാബൂളിൽ നിന്നും പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇനിയുള്ള വിമാനങ്ങളിൽ യുകെ നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ആവും ഉണ്ടാവുക. എല്ലാവരേയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നത് ഹൃദയഭേദകമാണെന്ന് സൈനിക തലവൻ ജനറൽ സർ നിക്ക് കാർട്ടർ പറഞ്ഞു. യുകെയിലേക്ക് വരാൻ യോഗ്യരായ നൂറുകണക്കിന് അഫ്ഗാൻ സ്വദേശികൾ അവിടെത്തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ ഒഴിപ്പിക്കാൻ താലിബാൻ നൽകിയ സമയം ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് ബ്രിട്ടന്റെ ഈ അറിയിപ്പ്. 170 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും ഉൾപ്പെടുന്നുണ്ട്. ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവറായ മുഹമ്മദ് നിയാസിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയം പരാമർശിച്ച യുകെ പൗരന്മാരിൽ ഉൾപ്പെടുന്ന വ്യക്തിയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ കൊല്ലപ്പെട്ട ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവർ മുഹമ്മദ് നിയാസി

സ്ഫോടനത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ നിയാസി കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൾ ഹമീദ് പറഞ്ഞു. ഭാര്യയെയും രണ്ട് മക്കളെയും ഇപ്പോഴും കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം യുകെ സൈനികർ കാബൂളിലുണ്ടായിരുന്നു. ചിലർ ഇതിനകം മടങ്ങി. ബാക്കിയുള്ളവർ വാരാന്ത്യത്തിൽ പുറപ്പെടും. ഏകദേശം 15,000 പേരെ ഒഴിപ്പിച്ചെങ്കിലും ഇപ്പോൾ പ്രവർത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ സർ ലോറി ബ്രിസ്റ്റോ ട്വീറ്റ് ചെയ്തു. “ഇനിയും പോകേണ്ട ആളുകളെ ഞങ്ങൾ മറന്നിട്ടില്ല. അവരെ സഹായിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലേക്ക് വരാൻ അർഹതയുള്ളതും എന്നാൽ അഫ്ഗാനിസ്ഥാനിൽ തുടരുന്നതുമായ അഫ്ഗാൻ പൗരന്മാർ നിരവധിയാണെന്ന് നിക്ക് അറിയിച്ചു.

ഇതുവരെ ഒഴിപ്പിച്ചവരിൽ യുകെയുടെ പ്രത്യേക പദ്ധതി പ്രകാരം യോഗ്യരായ 8,000 അഫ്ഗാൻ സ്വദേശികളും ഉൾപ്പെടുന്നു. തന്റെ നിരവധി സുഹൃത്തുക്കൾക്ക് രാജ്യത്ത് നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞില്ലെന്നും അതിൽ അതിയായ ദുഃഖമുണ്ടെന്നും അഫ്ഗാനിസ്ഥാനിൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച വിദേശകാര്യ സെലക്ട് കമ്മിറ്റി ചെയർമാൻ ടോം തുഗെൻ‌ഡാറ്റ് ബിബിസിയോട് പറഞ്ഞു. യുകെയിലേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികൾ ഒരു ഹോട്ടലിൽ 10 ദിവസം കോവിഡ് ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്.