ക്രിസ്മസിന് മുന്‍പ് നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ബോറിസ് ജോണ്‍സനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള കത്തുകള്‍ അയയ്ക്കുമെന്ന് ടോറി എംപിമാര്‍ വ്യക്തമാക്കി.

ഒരു വശത്തു കുതിച്ചുയരുന്ന കോവിഡ് -ഒമിക്രോണ്‍ കേസുകള്‍ മൂലം ഉടനടി കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ശാസ്ത്ര ഉപദേശകര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിലക്ക് കൊണ്ടുവന്നാല്‍ ബോറിസിന്റെ കസേര തെറിപ്പിക്കുമെന്ന് ഭീഷണിയുമായി കാബിനറ്റ് മന്ത്രിയും എംപിമാരും മറുവശത്തുണ്ട്.

ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കുന്ന ലോക്ക്ഡൗണുമായി പ്രധാനമന്ത്രി മുന്നിട്ടിറങ്ങരുതെന്ന് സമ്മര്‍ദം ഉയരുന്നു. ആഘോഷ സീസണില്‍ വിലക്കുകള്‍ നടപ്പാക്കിയാല്‍ രാജിവെയ്ക്കുമെന്ന് ഒരു ക്യാബിനറ്റ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമിക്രോണിനെ നേരിടാന്‍ മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്. ഇംഗ്ലണ്ടില്‍ ഇന്‍ഡോറില്‍ കൂടിക്കാഴ്ച വിലക്കുന്നതും, പബിലും, റെസ്റ്റൊറന്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും, അടിയന്തര ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ക്രിസ്മസ് ദിനത്തിന് മുന്‍പ് കോവിഡ് നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വിസമ്മതിച്ചു. അതേസമയം പുതിയ വിലക്കുകളെ പിന്തുണയ്ക്കില്ലെന്ന് മന്ത്രിമാര്‍ സൂചിപ്പിച്ചു. വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഇതില്‍ നിന്നും പുറത്തുകടക്കുന്നത് ഉള്‍പ്പെടെ വിശദമാക്കണമെന്ന് ചാന്‍സലര്‍ സുനാക് വാദിക്കുന്നു. നിലവിലെ വിലക്കുകള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്നാണ് ലിസ് ട്രസിന്റെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് വ്യാപനം തടയാന്‍ മറ്റൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ ക്യാബിനറ്റ് സ്ഥാനം രാജിവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഒരു മന്ത്രി. ഒമിക്രോണ്‍ കേസുകള്‍ 50 ശതമാനം വര്‍ദ്ധിച്ച് 37000ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വിലക്കുകള്‍ സംബന്ധിച്ച ചര്‍ച്ച ശക്തിപ്പെടുന്നത്.

ബ്രിട്ടണില്‍ ഒറ്റ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക് ആണ്. ഇതാദ്യമായാണ് ഒരു ദിവസം പതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 3,201 പേര്‍ക്കാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതിന്റെ മൂന്നിരട്ടി അധികം പേര്‍ക്കാണ് ഈ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ മൂലമുള്ള മരണസംഖ്യ ഏഴായി. നേരത്തെ ഒരാള്‍ മരിച്ചിരുന്നു. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസുകളും പരമാവധി പൗരന്മാരിലെത്തിക്കുകയാണ് ഭരണകൂടം.

ഒമിക്രോണ്‍ ലക്ഷണങ്ങളും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ടു. ഡെല്‍റ്റ ലക്ഷണങ്ങള്‍ക്ക് വിപരീതമായി കടുത്ത പനിയോ, രുചി, മണം എന്നിവ നഷ്ടമാകുന്ന സ്ഥിതിയോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് സാധാരണ ഒമിക്രോണ്‍ ബാധിതരില്‍ കാണുന്നതെന്നും വാക്‌സിന്‍ സ്വീകരിച്ചവരില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് കുറവാണെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.