ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റങ്ങൾ പ്രധാനമായും ഉണ്ടാകുന്നത് ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുമായതിനാൽ ഉറവിടങ്ങളിൽ തന്നെ ഇത്തരം കുടിയേറ്റങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുതിയതായി മുന്നോട്ടുവച്ചിരിക്കുന്നത്. 84 മില്യൻ പൗണ്ട് ആണ് ആഫ്രിക്കയിലും മറ്റ് പ്രശ്നബാധിത മേഖലകൾക്കുമായി വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, മാനുഷിക പിന്തുണ നൽകുന്നതിനും ആയി അദ്ദേഹം പ്രഖ്യാപിച്ചത്. ആളുകളെ സ്വന്തം വീട് ഉപേക്ഷിച്ച പോരുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബ്ലെൻഹൈം പാലസിൽ യുകെ ആതിഥേയത്വം വഹിച്ച യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ (ഇപിസി) നാലാമത്തെ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷ് ചാനൽ കുറുകെ കടക്കുന്ന ചെറിയ ബോട്ടുകളുടെ യാത്രയെ പൂർണമായി അവസാനിപ്പിക്കുവാൻ യാതൊരു കുറുക്കു വഴികളുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഒരുപോലെ സമ്മതിക്കുന്നു. അതിനാൽ പ്രായോഗിക പരിഹാരങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളും യുകെ പോലുള്ള മറ്റ് 20 രാജ്യങ്ങളും ഉൾപ്പെടുന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി പരസ്പര സഹകരണത്തിനുള്ള അനൗപചാരികമായ ഫോറമാണ്.

നിയമവിരുദ്ധ കുടിയേറ്റത്തോടുള്ള യുകെയുടെ സമീപനം പുനക്രമീകരിക്കുവാനും പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും യൂറോപ്പുമായുള്ള സഹകരണം ആഴത്തിലാക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച സ്റ്റാർമർ പറഞ്ഞു. കള്ളക്കടത്ത് സംഘങ്ങളെ ഇല്ലാതാക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ സമവായം ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ സ്ലോവേനിയയുമായും സ്ലൊവാക്യയുമായും യുകെ പുതിയ കരാറുകൾ രൂപപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്റെ അനധികൃത കുടിയേറ്റ നയത്തിന് അന്താരാഷ്ട്ര ഉച്ചകോടിയിൽ ഒരു പുതിയ മാനം നൽകുവാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.