ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയും യുഎസുമായി വ്യാപാര കരാർ യാഥാർത്ഥ്യമായി. കരാർ നിലവിൽ വരുന്നതോടെ കാറുകൾ, അലൂമിനിയം, സ്റ്റീൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയ താരിഫുകൾ വെട്ടി കുറയ്ക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലുകൾ സംരക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.
ചരിത്രപരമായ നേട്ടമെന്നാണ് പ്രസ്തുത കരാറിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് പൂർണ്ണമായും ഒഴിവാക്കാൻ യു എസ് സമ്മതിച്ചു. തകർച്ചയിൽ മുങ്ങി താഴുന്ന ബ്രിട്ടനിലെ സ്റ്റീൽ വ്യവസായത്തിന് ഇത് ഒരു പിടിവള്ളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ബ്രിട്ടനിൽ നിർമ്മിക്കുന്ന കാറുകൾക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.
യുകെയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാർ നിലവിൽ വരുന്നത് യുകെയിലെ ഇന്ത്യൻ കമ്പനികൾക്കും ആശ്വാസകരമാണ്. ടാറ്റാ സ്റ്റീൽ, ജാഗ്വാർ എന്നീ ടാറ്റാ ഗ്രൂപ്പ് കമ്പനികൾക്ക് കരാർ വലിയതോതിൽ പ്രയോജനം ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ യുകെ ഏർപ്പെട്ടത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു . ഇതിനു പിന്നാലെയാണ് ഇരട്ട നേട്ടമായി യുഎസുമായും രാജ്യം വ്യാപാര കരാറിൽ എത്തിയത്. യു കെ ഇന്ത്യ വ്യാപാര കരാർ നിലവിൽ വന്നത് യുഎസിനെ സമ്മർദ്ദത്തിലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രംപിന്റെ താരിഫ് ഏർപ്പെടുത്തലിലെ കടുംപിടുത്തം ഒഴിവാക്കാൻ ഇത് ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
Leave a Reply