ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുമ്പോൾ ഞായറാഴ്ച രേഖപ്പെടുത്തിയ രോഗബാധയിൽ നേരിയ കുറവുണ്ട്. ഇന്നലത്തെ പ്രതിദിന രോഗവ്യാപനം 48161 ആണ്. കോവിഡ് മൂലം 25 പേർ മരണമടയുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടർച്ചയായ രണ്ടു ദിവസങ്ങളിലും രോഗവ്യാപനം 50,000 -ത്തിന് മുകളിലായിരുന്നു .

ഇന്നുമുതൽ യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുമ്പോൾ രോഗവ്യാപനം കൂടുന്നതിനുള്ള സാധ്യതയിലേയ്ക്ക് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും വിരൽചൂണ്ടുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് അനുബന്ധമായി ഗവൺമെന്റും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയാണ് നിലനിന്നിരുന്നത്. ഫ്രീഡം ഡേയുമായി ഗവൺമെൻറ് മുന്നോട്ടുപോയാൽ 5 ആഴ്ചയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടു വരേണ്ടി വരുമെന്നുള്ള ശക്തമായ മുന്നറിയിപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി നടത്തിയിരുന്നു.

ദേശീയതലത്തിൽ ലോക് ഡൗൺ അനുവദിക്കുമ്പോഴും രോഗവ്യാപനം തടയാൻ പ്രാദേശിക ഭരണ നേതൃത്വത്തിൽ പലസ്ഥലങ്ങളിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലണ്ടനിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ജൂലൈ 19 -ന് ശേഷവും മാസ്ക് നിർബന്ധം ആയിരിക്കുമെന്ന് മേയർ സാദിഖ് ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച ആരോഗ്യ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത് വൻ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചാലും ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ തുടർ ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.