ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് സമയത്ത് പോലീസ് ചുമത്തിയ പിഴയായ 10000 പൗണ്ട് വളരെ കൂടുതലായിരുന്നുവെന്ന് ആ സമയത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന പ്രീതി പട്ടേൽ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2020 ഓഗസ്റ്റിൽ ബാങ്ക് ഹോളിഡേയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ പിഴ ആനുപാതികമല്ലെന്നാണ് പ്രീതി പട്ടേൽ കോവിഡ് കാലത്തെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണ നടത്തുന്ന സമിതിയോട് വെളിപ്പെടുത്തിയത്. ഹോം ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും താനും അതിന് എതിരായിരുന്നു എന്നാണ് അവർ സമിതി മുമ്പാകെ വെളിപ്പെടുത്തിയത്.


പകർച്ചവ്യാധിയുടെ സമയത്ത് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം നൂറുകണക്കിന് പിഴവുകൾ വന്നതിന്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 10000 പൗണ്ട് വരെ പിഴ ചുമത്താൻ പോലീസിന് അധികാരം ലഭിച്ചതിനെ 2021ലെ എംപിമാർ തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ നിശിതമായി വിമർശിക്കപ്പെട്ട തീരുമാനമായിരുന്നു. ഇത്രയും വലിയ ഒരു പിഴ ചുമത്താൻ കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് എംപിമാർ അന്ന് വാദിച്ചത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് 366 കേസുകൾക്കാണ് 10,000 പൗണ്ട് പിഴ ചുമത്തിയത്. 2021 ജൂൺ മുതലുള്ള നാഷണൽ പോലീസ് ചീഫ്സ് കൗൺസിലിന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കോമൺ ജസ്റ്റിസ് കമ്മറ്റിയിലെ എംപിമാർ പൊതുജനാരോഗ്യ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ വളരെ വലിയ തുകയുടെ സ്പോട്ട് ഫൈനുകളെ ആശ്രയിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പോലീസിന് ജനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാൻ സാധിക്കില്ലെന്നാണ് ഇതിനെ പ്രധാന കാരണമായി എംപിമാർ ചൂണ്ടി കാണിച്ചത്.