ഡെൽറ്റാ വേരിയൻ്റ് വില്ലനായതോടെ യുകെയിൽ അൺലോക്ക് റോഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും. ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ നാല് ആഴ്ച കാലതാമസം പ്രഖ്യാപിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അവസാനത്തെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കോവിഡ് നിയന്ത്രണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ജൂൺ 21 ന് നടത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിൽ നിന്ന് അടുത്തിടെയാണ് ജോൺസൺ പിന്നോക്കം പോയത്. പകരം നേരത്തെ പ്രഖ്യാപിച്ച റോഡ് മാപ്പ് ജൂലൈ 19 വരെ നീട്ടിവെക്കുമെന്നും സർക്കാർ വൃത്തങ്ങൾ സ്കൈ ന്യൂസിനോട് പറഞ്ഞു.

രാജ്യത്ത് മൂന്നാം തരംഗം തടയുന്നതിൻ്റെ ഭാഗമായി വാക്സിനും വൈറസും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് മുതിർന്ന കാബിനറ്റ് മന്ത്രിമാരെയും ശാസ്ത്ര ഉപദേഷ്ടാക്കളെയും വിളിച്ച് ചർച്ച നടത്തിയ പ്രധാനമന്ത്രി വിലയിരുത്തി. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ, ആല്‍ഫ വകഭേദത്തെക്കാള്‍ 40 ശതമാനം വേഗത്തില്‍ പടരുന്നതാണ് ബ്രിട്ടനിൽ രണ്ടാം തരംഗം രൂക്ഷമാക്കിയത്.

എന്നാല്‍, രണ്ടു ഡോസ് വാക്‌സിന്‍ എടുക്കുന്നതിലൂടെ രണ്ടു വകഭേദങ്ങളെയും ചെറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ തടയാന്‍ ഫലപ്രദമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പഠനം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

റോഡ് മാപ്പ് ജൂലൈ 19 ലേക്ക് നീട്ടുക വഴി ദശലക്ഷക്കണക്കിന് ആളുകൾക്ക് വാക്സിനേഷൻ അനുവദിക്കുകയും കൂടുതൽ പേർക്ക് ജൂലൈ അവസാനത്തോടെ രണ്ടാമത്തെ ഡോസ് ലഭിക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ നീക്കുന്നതിലെ കാലതാമസം ഡെൽറ്റ വേരിയൻ്റിനെ നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സമയം അനുവദിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി.

  കയ്യാങ്കളി കേസിൽ സർക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും 5 മുൻ എംഎൽഎമാരും വിചാരണ നേരിടേണ്ടിവരും

ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനും ഒപ്പം വാക്സിനേഷൻ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു ഡ്രൈവ് പ്രധാനമന്ത്രി ജോൺസൺ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കാലതാമസം അർത്ഥമാക്കുന്നത് വാക്സിനേഷൻ പ്രോഗ്രാം വിജയകരമായിരുന്നിട്ടും ഇംഗ്ലണ്ടിലെ നിലവിലെ ലോക്ക്ഡൗൺ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ എന്നുമാണ്.

യൂറോ കപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണങ്ങൾ ബിസിനസുകളേയും ടോറി എംപിമാരേയും നിരാശപ്പെടുത്തുമെന്ന് ഉറപ്പാണ്. പബ്ബുകളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ ടേബിൾ സേവനം പരിമിതപ്പെടുത്തലാണ് ജോൺസൺ നിലനിർത്താനിടയുള്ള നിയന്ത്രണങ്ങളിൽ പ്രധാനം. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന എല്ലാവരും അത് തുടരേണ്ടി വരും.

തിയേറ്ററുകളും മറ്റ് ഇൻഡോർ വേദികളും 50% ശേഷിയിൽ പ്രവർത്തിക്കണം. നൈറ്റ്ക്ലബ്ബുകൾ അടച്ചിടും. എന്നാൽ വിവാഹ ചടങ്ങുകൾക്ക് നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകാൻ സാധ്യതയുണ്ട്. സർക്കാർ മാർഗനിർദേശ പ്രകാരം നിലവിൽ 30 അതിഥികൾക്ക് മാത്രമേ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയൂ.