യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അവശ്യ ഗതാഗതം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ വിതരണങ്ങൾ, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, അവശ്യ പ്രതിരോധ സേവനങ്ങൾ, തദ്ദേശ സ്വയംഭരണം എന്നീ മേഖലകൾക്കാണ് പുതിയ ഇളവ് ബാധകം.
ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സെൽഫ് ഐസോലേഷൻ മതിയാക്കി ജോലിസ്ഥലത്തേക്ക് പോകാനും ദിവസേനയുള്ള കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ ജോലി തുടരാനും അനുമതിയുണ്ട്. എന്നാൽ ടെസ്റ്റിൽ പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ തുടരുകയും ക്വാറൻ്റീൻ ചട്ടങ്ങൾ പാലിക്കുകയും വേണം.
പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഇളവുകൾ ബാധകമാകൂ. മാത്രമല്ല ഇവർ രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ക്വാറൻ്റീനിൽ നിന്ന് ഒഴിവാക്കാവുന്ന നിർണായക ജോലികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മേൽപ്പറഞ്ഞ മേഖലകൾ ഒഴികെ ജോലികളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല.
ഉത്തരവിലെ അവ്യക്തത മൂലം നിർണായക സേവനങ്ങളിൽ പരിമിതമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഈ ഇളവുകൾ ലഭ്യമാകൂ എന്നാണ് സൂചന. മാത്രമല്ല, ഓഗസ്റ്റ് 16 വരെ മാത്രമാണ് ഈ ഇളവുകൾക്ക് പ്രാബല്യം.
Leave a Reply