റ്റിജി തോമസ്

സാൻവിച്ചിലെ നാലാമത്തെ പ്രഭുവായിരുന്ന ജോൺ മൊണ്ടാഗു. കടുത്ത ചീട്ടുകളി പ്രേമിയായിരുന്ന അദ്ദേഹത്തിൻറെ പേരിൽ നിന്നാണ് സാൻവിച്ചിൻ്റെ ഉത്ഭവം എന്നാണ് പൊതുവെ കരുതുന്നത്. കളിയുടെ ആവേശം ചോരാതെ ഭക്ഷണം കഴിക്കുന്നതിനായി മൊണ്ടാഗു പ്രഭുവാണ് ആദ്യമായി ബ്രെഡിന്റെ പാളികൾക്ക് ഇടയിൽ മാംസം വെച്ച് തരാൻ ആവശ്യപ്പെട്ടത് . M 1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ ബേക്കൺ സാൻഡ്‌വിച്ചും മറ്റും ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നപ്പോഴാണ് സാൻഡ്‌വിച്ചിന്റെ ഉത്ഭവത്തെക്കുറിച്ചും സാൻഡ്‌വിച്ചും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജോജി പറഞ്ഞത്. ഇന്ന് ലോകമെങ്ങും സാൻവിച്ച് ഒരു ജനകീയ ഭക്ഷണമാണ്. ജോൺ മൊണ്ടാഗു ഒരു കൈയിൽ ചീട്ടുപിടിച്ച്‌ സാൻഡ്‌വിച്ച് കഴിച്ച സ്ഥാനത്ത് തിരക്കിൻ്റെ ലോകത്ത് ഒരു കൈയ്യിൽ കമ്പ്യൂട്ടർ കീബോർഡും മറുകയ്യിൽ സാൻഡ്‌വിച്ചുമായി ജോലി ചെയ്യുന്നവരുടേതാണ് ഇന്ന് ലോകം.

ബേക്കൺ സാൻഡ്‌വിച്ചിലെ പ്രധാനഭാഗം പന്നിമാംസം ആണ് . നൂറ്റാണ്ടുകളായി പന്നിമാംസം ഇംഗ്ലീഷ് ഭക്ഷണ ക്രമത്തിന്റെ പ്രധാന ഭാഗമാണ് . തണുപ്പിനെ പ്രതിരോധിക്കുന്നതും പോഷകാംശവും പന്നിയിറച്ചിയുടെ ഉപയോഗം ഇംഗ്ലണ്ടിൽ കൂടിയതിന് ഒരു പ്രധാന കാരണമാണ്. ഇംഗ്ലീഷുകാരുടെ ഇടയിൽ പന്നി മാംസത്തിൽ നിന്നുള്ള വിവിധതരം വിഭവങ്ങൾ പല പ്രധാന ആഘോഷങ്ങളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണമാണ്. ഇംഗ്ലണ്ടിന്റെ സമ്പദ് വ്യവസ്ഥയിലും പന്നിഫാമുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്.

രണ്ടര മണിക്കൂറോളം നീണ്ട നിർത്താതെയുള്ള യാത്രയ്ക്ക് ശേഷമാണ് ഞങ്ങൾ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇൻ സർവീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. തിരക്കേറിയ മോട്ടോർ വേകളിൽ നിർത്താതെ യാത്ര ചെയ്യേണ്ടതായി വരുമ്പോൾ വിശ്രമത്തിനായുള്ളവയാണ് സർവീസ് സ്റ്റേഷനുകൾ. വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഇന്ധനം നിറയ്ക്കാനും ഷോപ്പിങ്ങിനുമൊക്കെ വിപുലമായ സജ്ജീകരണങ്ങൾ സർവീസ് സ്റ്റേഷനുകളിൽ ഉണ്ട്.

സർവീസ് സ്റ്റേഷനുകളിൽ നിശ്ചിത സമയത്തേയ്ക്ക് വാഹനം ഫ്രീ ആയി പാർക്ക് ചെയ്യാമെങ്കിലും സമയപരിധി കഴിഞ്ഞാൽ ഉടമയിൽ നിന്ന് പണം ഈടാക്കും. എയർപോർട്ടിൽ സുഹൃത്തിനെ യാത്ര അയക്കാൻ പോയ മലയാളി തിരിച്ചുവന്നപ്പോൾ സർവീസ് സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് ഉറങ്ങിപ്പോയത് മൂലം ഫൈനായി വലിയ ഒരു തുക നൽകേണ്ടി വന്നതിനെ കുറിച്ച് ഇടയ്ക്ക് ജോജി പറഞ്ഞു.

ഏകദേശം 40 മിനിറ്റോളം ഡേയ്സ് ഇന്നിൽ   ഞങ്ങൾ ചിലവഴിച്ചു . രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷമുള്ള മനോഹരമായ ഇടവേളയായിരുന്നു ഫോറസ്റ്റ് ഇന്നിൽ ലഭിച്ചത്. മോട്ടോർ വേയിൽ നിന്ന് അൽപം മാറിയായതുകൊണ്ടു തന്നെ യാതൊരു ശല്യവുമില്ലാതെ സുഖകരമായ വിശ്രമം സർവീസ് സ്റ്റേഷനുകൾ യാത്രക്കാർക്ക് പ്രധാനം ചെയ്യും. വിശാലമായ പാർക്കിംഗ് ഏരിയയും അതിനപ്പുറം ദൃശ്യമാകുന്ന മരങ്ങളുടെ പച്ചപ്പും തണുത്ത കാറ്റും എല്ലാം ചേർന്ന് യാത്രയുടെ ക്ഷീണത്തെ പമ്പകടത്തും.

ഇവിടെ നിന്നും ലണ്ടനിൽ ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന താമസസ്ഥലത്തേയ്ക്ക് ഇനിയും 100 മൈലോളം (160 കിലോമീറ്റർ) ദൂരമുണ്ട് . വീണ്ടും ഞങ്ങൾ യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കോനാട്ട് റോഡിലെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോം സ്‌റ്റേയിൽ എത്തിച്ചേർന്നു. അവിടെ ഹോംസ്റ്റേയുടെ ഉടമ ബെഞ്ചമിൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.