ജിജിത ജെ . നായർ , ജിതേഷ് ജെ.നായർ

കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റ് ധനമന്ത്രി കെ . എൻ. ബാലഗോപാൽ
അവതരിപ്പിച്ചിരിക്കുന്നു. രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയും റഷ്യ -യുക്രൈൻ യുദ്ധം സൃഷ്‌ടിച്ച
പ്രവചനാതീതമായ ആഗോളസാമ്പത്തിക പ്രശ്നങ്ങൾക്കുമിടയിലാണ് ഇപ്പോഴത്തെ കേരള ബജറ്റ്
അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൻെറ വികസനം , ഉന്നതവിദ്യാഭ്യാസം , തൊഴിൽപ്രശ്നം എന്നിവയെ
അഭിസംബോധന ചെയ്യുന്നതാണ് രണ്ട് മണിക്കൂർ 15 മിനിറ്റ് കൊണ്ട് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് എന്ന്
പറയാം . കേരളത്തിൻെറ ദീർഘകാല ഭാവി മുന്നിൽ കണ്ടുള്ള പദ്ധതികളും സർക്കാരിന്റെ വരുമാനം
വർധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നയങ്ങളും ബജറ്റിൽ പ്ര തിഫലിച്ചു .

ഏതെങ്കിലും പ്രത്യേക മേഖലയിലെ വൻകിട പദ്ധതികൾക്ക് അമിതപ്രാധാന്യം നൽകാതെ
വിവിധ മേഖലകൾക്ക് വിഭവങ്ങൾ പങ്കു വച്ചു നൽകുന്ന രീതി സ്വാഗതാർഹമാണ്. ബജറ്റ് പ്രസംഗത്തിന്റെ
തുടക്കത്തിൽ തന്നെ ഇപ്പോൾ നിലനിൽക്കുന്ന റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ സ്വാധീനം നമുക്ക് കാണാനായി . ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവർത്തകരെ അണിനിരത്തി ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാൻ രണ്ടു കോടി വകയിരുത്തിയതായി ബജറ്റിലെ ആദ്യ പ്രഖ്യാപനം .

കേരളം ധാരാളം പ്രശ്നങ്ങൾ നേരിടുന്ന കാർഷികമേഖലയ്ക്ക് ആശ്വാസകരമായി അധികം പദ്ധതികളൊന്നും കാണുന്നില്ല. കാർഷിക ഉത്പാന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പാദനം സാധ്യമാക്കാനുള്ള പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ആധുനിക കാലത്തെ പ്രധാന തൊഴിൽ വാഗ്ദാനമായ ഐ. ടി. മേഖലയ്ക്ക് മതിയായ പ്രാധാന്യം ബജറ്റ് നൽകിയിരിക്കുന്നു. കേരളത്തിലെ ദേശീയപാത- 66 ന് സമാന്തരമായി നാല് ഐ. ടി. പാർക്ക് സ്ഥാപിക്കാനും കണ്ണൂരിൽ പുതിയ ഐ. ടി. പാർക്ക് തുടങ്ങാനും പദ്ധതി പ്രഖ്യാപനം നടത്തി. ഇത് കേരളത്തിൽ വിപുലമായ ഒരു ഐ. ടി. ഇടനാഴി സൃഷ്ടിക്കാൻ പരിയാപ്തമാണ്. കൂടാതെ നിലവിലുള്ള ഐ. ടി. പാർക്കുകളിൽ 2 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായ് അടിസ്ഥാന സൗകര്യ വികസനത്തിന് 100കോടി രൂപ വകയിരുത്തി. 1000 കോടി രൂപ മുതൽമുടക്കിൽ നാല് സയൻസ് പാർക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവ നടപ്പായാൽ കേരളത്തിന്റെ ശാസ്ത്രസാങ്കേതിക വികസനത്തിന് വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നതിൽ സംശയമില്ല. എന്നാൽ അതിനായി എത്ര കാലതാമസമെടുക്കുമെന്ന് കണ്ടുതന്നെയറിയണം. വർഷങ്ങൾക്കുമുന്നേ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക് എപ്പോഴും പൂർത്തിയായിട്ടില്ല എന്ന് നാം ഓർക്കേണ്ടതുണ്ട്.

വ്യവസായമേഖലയ്ക്ക് നല്ലരീതിയിലുള്ള പരിഗണന നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം മുൻവർഷത്തെ 1058.38 കോടിയിൽനിന്ന് 1226.66 കോടിരൂപയായി വർധിപ്പിച്ചു. “ഉത്തരവാദിത്വ വ്യവസായം-ഉത്തരവാദിത്വ നിക്ഷേപം” എന്ന ആപ്തവാക്യത്തിൻകീഴിൽ കേരളത്തെ പരിസ്ഥിതി സൗഹൃദവും ഉത്പാദനക്ഷമവും വ്യവസായനിക്ഷേപങ്ങൾക്ക് അനുകൂലവുമായ ഇടമാക്കി മാറ്റാനുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. വ്യാവസായിക ഉത്പാദനത്തിനായി ഫ്ലാറ്റ് മാതൃകയിലുള്ള ബഹുനില എസ്റ്റേറ്റുകൾ നിർമ്മിക്കാനായി 10 കോടി രൂപ വകയിരുത്തി. ഒരു ഇലട്രോണിക് ഹാർഡ് വെയർ ടെക്നോജീസ് ഹബ്ബ് സ്ഥാപിക്കാനായി 28 കോടിരൂപയും നീക്കി വച്ചു. 2022-23 വർഷം സംരംഭക വർഷമായി ആചരിക്കാനും തീരുമാനിച്ചു. ‘ഇന്നോവഷൻ അക്സെലെറേഷൻ’, ‘ ഒരു കുടുംബം ഒരു സംരംഭം ‘ എന്നീ പദ്ധതികൾക്ക് ഏഴു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റ്കൾക്ക് വിവിധങ്ങളായ സഹായങ്ങൾ അനുവദിക്കുന്നതിനു 20കോടി രൂപയ്ക്കും അംഗീകാരമായി.

ഗതാഗതമേഖലയുടെ ആകെ ബജറ്റ് വിഹിതം മുൻവർഷത്തെ 1444.25 കോടിയിൽ നിന്ന് 1788.67 കോടിയായി ഉയർത്തി. വിഴിഞ്ഞം കാർഗോ വികസനം, തങ്കശേരിതുറമുഖം എന്നിവയുടെ വികസനത്തിന് 10 കോടിരൂപവീതം വകയിരിത്തിയിട്ടുണ്ട്. കെ.എസ്. ആർ. ടി. സി. പുനരുജ്ജിവനത്തിന് 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെ-റെയിലിനായ് പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിന് വേണ്ടി കിഫ്ബിയിൽ നിന്നും 2000 കോടി രൂപയും അനുവദിച്ചു.

കോവിഡ് മഹാമാരി തകർത്ത വിനോദസഞ്ചാരമേഖലയിലും ധാരാളം പദ്ധതികളുണ്ട്. ടൂറിസം വീണ്ടും സജീവമാക്കാനും അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ബജറ്റിൽ പ്രതിപാതിക്കുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങലളിലേയ്ക്ക് വ്യോമമാർഗം യാത്രചെയ്യുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി 20 മുതൽ 40 സീറ്റ് വരെയുള്ള വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോൺ അധിഷ്ടിത ഗതാഗതം എന്നിവയ്ക്കായി എയർ സ്ട്രിപ്പുകളുടെ വിപുലമായ സംവിധാനം സ്ഥാപിക്കും. ‘ഒരു പഞ്ചായത്ത്, ഒരു ഡസ്റ്റിനേഷൻ ‘ പദ്ധതി, വയബിലിറ്റി ഗ്യാപ് ഫണ്ടിങ്, തുടങ്ങിയവയ്ക്കായി 132.14 കോടി രൂപയും വകയിരുത്തി. വിനോദസഞ്ചാര ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ച് പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ 362.15 കോടി രൂപ വകയിരുത്തി. അടുത്തയിടെ പ്രഖ്യാപിച്ച കാരവൻ ടൂറിസത്തിന്റെ ഭാഗമായി കാരവൻ പാർക്കുകൾ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനുമായി അഞ്ചുകോടിയും വകയിരുത്തി.

പൊതുവിതരണ മേഖലയ്ക്കായി 2022-23ൽ ആകെ 2063.64 കോടിരൂപ വകയിരുത്തി. ഇതിൽ 75.41 കോടിയുടെ പദ്ധതിവിഹിതവും ഉൾപ്പെടുന്നു. കേരളത്തിലെ എല്ലാ നിയമസഭ നിയോജകമണ്ഡലങ്ങളിലേയും പ്രധാനകേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നതാണ് പ്രധാനപദ്ധതി.

വിദ്യാഭ്യാസ മേഖലയ്ക്കായ് 2022-23 വർഷത്തേക്കുള്ള പദ്ധതിവിഹിതം 2546.07 കോടി രൂപയാണ്. ഇതിൽ 1016.74 കോടി സ്കൂൾവിദ്യാഭ്യാസത്തിനും, 452.67 കോടി ഉന്നതവിദ്യാഭ്യാസത്തിനും 245.63 കോടി സാങ്കേതിക വിദ്യാഭ്യാസത്തിനുമാണ്. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി വകയിരുത്തി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനമന്ദിരനിർമ്മാണം ആരംഭിക്കാനും, കഴക്കൂട്ടത്തും, കളമശ്ശേരിയിലുമുള്ള അസാപ്പ് സ്കിൽ പാർക്കുകളിൽ ഓഗ് മാൻറ്റഡ് റിയാലിറ്റി ലാബുകൾ സ്ഥാപിക്കാനും തീരുമാനമായി.

കേരളം നേരിടുന്ന പാരിസ്ഥിതികപ്രശ് നങ്ങൾക്കും ബജറ്റിൽ പരിഹാര നിർദേശങ്ങളുണ്ട്. 2050 ഓടെ നെറ്റ് കാർബൺ ബഹിർഗമനനിരക്ക് പൂജ്യത്തിലെത്തിക്കാനുള്ള പദ്ധതി ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. കേരളത്തിലെ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി ഉപഭോക്താകൾ എടുക്കുന്ന വായ്പ്കൾക്ക് പലിശ ഇളവ് നൽകാനായി 15 കോടി വകയിരുത്തി. വാമനപുരം നദി ശുദ്ധീകരണത്തിനും 2 കോടി രൂപയും അഷ്ടമുടി, വേമ്പനാട് കായൽ ശുദ്ധീകരണത്തിനായ് 20 കോടി രൂപയും അനുവദിച്ചു. 2023-24 സാമ്പത്തിക വർഷം മുതൽ കേരളം ‘പരിസ്ഥിതി ബജറ്റ് ‘ അവതരിപ്പിക്കാനും തീരുമാനിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ലാറ്റിൻ-അമേരിക്കക്കാർക്കുള്ള സ്വാധീനം പഠിക്കാനായ് ലാറ്റിൻ- സെന്ററിന്റെ തുടർപ്രവർത്തനത്തിനും പദ്ധതികൾക്കും 2 കോടി വകയിരുത്തി. പട്ടികജാതിക്കാർക്ക് വേണ്ടി ഭൂമി, പാർപ്പിടം മറ്റു വികസനപദ്ധതികൾ എന്നിവയ്ക്കായി 1935.38 കോടിയും ജൻന്റർ ബജറ്റിനുള്ള അടങ്കൽ 4665.20 കോടിയും അനുവദിച്ചു.

കൂടാതെ യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയ്ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ പ്രത്യേക ഡാറ്റാ ബാങ്ക് നോർക്കാ വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. പി. കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാൻ, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, എം. എസ്. വിശ്വനാഥൻ, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പൻ എന്നിവർക്കായി പുതുതായി സ്മാരകങ്ങൾ നിർമ്മിക്കാനും ബജറ്റിൽ നിർദേശമുണ്ട്. ലക്കി ബില്ല് സ്കീം നടപ്പാക്കാനും അതിനായി ലക്കി ബില്ല് സ്കീം എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാണും ബജറ്റിൽ നിർദേശമുണ്ട്. കെ-ഫോണിന്റെ ആദ്യഘട്ടം ജൂൺ – 30ന് പൂർത്തിയാക്കുമെന്നും ധാനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളും ബജറ്റിൽ ഇടം നേടി. അടിസ്ഥാനഭൂനികുതി പരിഷ്കരിച്ചും എല്ലാവിഭാഗങ്ങളിലുമുള്ള ഭൂമിയുടെ ന്യായവിലയിൽ 10% ഒറ്റതവണ വർധന നടപ്പാക്കിയും നികുതി വരുമാനം വർധിപ്പിക്കാനാണ് ശ്രമം.

വിവിധമേഖലകളിൽ പദ്ധതികൾ ഉണ്ടെങ്കിലും ബജറ്റിൽ ധാരാളം കോട്ടങ്ങളും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിന്റെ ഉയർന്നുവരുന്ന കടക്കെണിയും വരുമാനവും ചെലവും തമ്മിലുള്ള വർധിച്ചുവരുന്ന അന്തരവും പരിഹരിക്കാനായി അധികം നടപടികൾ കാണുന്നില്ല. കൂടാതെ സംസ്ഥാനത്തെ എല്ലാ സ്ലാബുകളിലും ഭൂനികുതി വർധിപ്പിക്കാനുള്ള തീരുമാനവും ഭൂമിയുടെ ന്യായവിലയും 10% വർധിപ്പിക്കാനുള്ള തീരുമാനവും സാധാരണക്കാരെ ബാധിക്കുന്നതാണ്. കോവിഡും നോട്ട് നിരോധനവും എല്ലാം കൊണ്ടും തകർന്നിരിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ദോഷകരമാവുകയാണ്. ഇത് നിർമാണമേഖലയെയും ബാധിക്കാം. കൂടാതെ നികുതിവർധനവിലൂടെ ക്രയവിക്രയങ്ങൾ കുത്തനെ കുറഞ്ഞാൽ ധനസമാഹാരണമെന്ന സർക്കാർ പദ്ധതി പാളാനും സാധ്യതയുണ്ട്. ഇത് കൂടാതെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ഹരിതനികുതി 50% വർധിപ്പിക്കാനുള്ള തീരുമാനവും സാധാരണക്കാരെ ബാധിക്കുന്നതാണ്. പണമില്ലാത്തതിനാൽ പുതിയ വാഹനം വാങ്ങാൻ ശേഷി ഇല്ലാത്തവരായിരിക്കും 15 വർഷം പഴക്കമുള്ളവ ഉപയോഗിക്കുന്നത്. അവർക്ക് ഇതൊരു തിരിച്ചടിയാണ്.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഗുണദോഷാധികളാൽ സമ്മിശ്രമാണെന്ന് ഒറ്റനോട്ടത്തിൽ നമ്മുക്ക് മനസിലാക്കാം.


ജിജിത ജെ . നായരും ജിതേഷ് ജെ.നായരും സഹോദരങ്ങളും തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളേജിലെ
സമ്പത്തിക ശാസ്ത്ര ബിരുദവിദ്യാർഥികളുമാണ്