ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യുകെയില്‍ നടത്തപ്പെടുന്ന രണ്ടാമത് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ ആമുഖമായി ക്രമീകരിച്ച ഒരുക്ക ധ്യാനങ്ങള്‍ വിശ്വാസോര്‍ജ്ജ ദായകമായി. എട്ടു റീജണുകളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ വിജയങ്ങള്‍ക്കായി വിപുലമായ സംഘാടക സമിതികള്‍ റീജണുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തുടക്കം കുറിച്ചും കഴിഞ്ഞു.
ലണ്ടന്‍ റീജണലില്‍ ഫാ. ജോസ് അന്ത്യാംകുളം രക്ഷാധികാരിയായും, ഷാജി വാറ്റ്ഫോര്‍ഡ് ജനറല്‍ കണ്‍വീനറായും, ആന്റണി തോമസ്, ജോമോന്‍ ഹെയര്‍ഫീല്‍ഡ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും കമ്മിറ്റി നിലവില്‍ വന്നു. വിന്‍സന്റ് മാളിയേക്കല്‍ വെന്യു ഇന്‍ ചാര്‍ജ് ആയിരിക്കും. ട്രാന്‍സ്പോര്‍ട്ട്, മധ്യസ്ഥ പ്രാര്‍ത്ഥന, പബ്ലിസിറ്റി, ലൈറ്റ് ആന്‍ഡ് സൗണ്ട്, വളണ്ടിയേഴ്‌സ് തുടങ്ങി വിവിധ ഉപ കമ്മിറ്റികളും പ്രവര്‍ത്തനനിരതമായി.
പ്രശസ്ത വചന പ്രഘോഷകനായ ബ്ര. സന്തോഷ് കരുമാത്രയാണ് ഒരുക്ക ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫാ.ടെറിന്‍ മുല്ലക്കര, ഫാ. ജോസ് അന്ത്യാംകുളം എന്നിവരാണ് ലണ്ടനില്‍ ശുശ്രുഷകള്‍ നയിച്ചത്. ലണ്ടന്‍ റീജണിന്റെ വിവിധ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി ധാരാളം പേര്‍ ഒരുക്ക ധ്യാനത്തില്‍ പങ്കാളികളായി എത്തിയിരുന്നു.
‘പിതാവായ ദൈവത്തെ ലോകം മുഴുവന്‍ വെളിപ്പെടുത്തുക എന്ന കര്‍ത്തവ്യം ആണ് പുത്രനായ ദൈവം സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപെടുത്തിയത്. ഈ ദൗത്യം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ബൃഹത്തായ കടമ നിറവേറ്റുവാന്‍ നിയോഗിക്കപ്പെട്ടവരാണ് സഭാമക്കള്‍. വിശ്വാസം വര്‍ദ്ധിക്കുവാനുള്ള പ്രാര്‍ത്ഥനകള്‍ക്കു പ്രാമുഖ്യം നല്‍കുവാനും, പരിശുദ്ധാല്‍മ്മ കൃപ നിറക്കുവാനും, ആ ശക്തി ദൈവ രാജ്യം പടുത്തുയര്‍ത്തുവാന്‍ ഉപയോഗിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും അനിവാര്യമായ കടമയാണ്’ എന്നും ബ്ര.കരുമാത്ര ഓര്‍മ്മിപ്പിച്ചു.
സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും, പരിശുദ്ധാല്‍മ ശുശ്രുഷകളില്‍ അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു കെ യില്‍ അഭിഷേകാഗ്‌നി ധ്യാനം നയിക്കുക.
രൂപതാ മക്കള്‍ ഈ സുവര്‍ണ്ണാവസരം ഉപയോഗിക്കുവാനും, വ്യക്തിപരവും, കുടുംബപരവുമായ നവീകരണത്തിനും, അനുഗ്രഹത്തിനും ഉപകാരപ്രദമാകുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ റീജണിലെ ഓരോ മക്കളും പങ്കു ചേരണമെന്ന് ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാംകുളം അഭ്യര്‍ത്ഥിച്ചു.
Leave a Reply