ഷിബു മാത്യൂ. സ്പിരിച്ച്വൽ ഡെസ്ക്

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്താമറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി.

ഇന്ന് രാവിലെ 6.45 ന് ആരംഭിച്ച തിരുക്കർമ്മത്തിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മൂന്ന്    നോമ്പ്    തിരുനാളിന് കോടിയേറ്റി. ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. ജോസഫ് ആലനിയ്ക്കൽ, ഫാ. മാത്യു കാടൻകാവിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസ് കോട്ടയിൽ, ഫാ. ബിജി കുടുക്കാംതടത്തിൽ എന്നിവർ തിരുകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. തുടർന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. ഡീക്കൻ ജിബിൻ കവുമ്പുറത്ത് സിഎംഎഫ് വചന സന്ദേശം നൽകി. തുടർന്ന് വിവിധ സമയങ്ങളിലായി റവ. ഫാ. മാത്യൂ കവളം മാക്കൽ, റവ. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, റവ. ഫാ. ജോസ് കുഴിഞ്ഞാലിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു.

ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ

ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ അഞ്ച് മണിക്ക് നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയോടെ മൂന്ന് നോമ്പ് തിരുനാളിന് തുടക്കമാകും. തുടർന്ന് വിവിധ സമയങ്ങളിലായി ആഘോഷമായ വിശുദ്ധ കുർബാന നടക്കും. (മൂന്ന് നോമ്പ് തിരുനാളിൻ്റെ വിശദ വിവരങ്ങളറിയുവാൻ ചുവടെ കൊടുത്തിരിക്കുന്ന നോട്ടീസ് കാണുക)
രാവിലെ പത്ത് മണിക്ക് ആഘോഷമായ റാസ നടക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം അഞ്ച് മണിക്ക് മോൺ. ജോസഫ്‌ കണിയോടിയ്ക്കൽ, വികാരി ജനറാൾ പാലാ രൂപത ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് വലിയപള്ളിയിൽ നിന്നുമാരംഭിക്കുന്ന പ്രദക്ഷിണം പകലോമറ്റം, കുര്യനാട് – കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രദക്ഷിണവുമായി 8.15ന് ജൂബിലി കപ്പേളയിൽ സംഗമിക്കും. തുടർന്ന്‌ ലദീഞ്ഞും സമാപനാശീർവാദവും നടക്കും. 9.30 ന് നടക്കുന്ന അത്യന്തം ആവേശകരമായ ചെണ്ടമേളത്തോടെ ആദ്യ ദിവസത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

പ്രധാന തിരുനാൾ ദിവസമായ ജനുവരി 31 ചൊവ്വാഴ്ച്ച രാവിലെ 5.30 -തിന് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് രാത്രി 8 മണി വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാന തുടരും. രാവിലെ 10.30 തിന് പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഒരു മണിക്ക് യോനാ പ്രവാചകൻ്റെ നിനവേ യാത്രയുടെ സ്മരണയുണർത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും. ( കപ്പൽ പ്രദക്ഷിണത്തിൻ്റെ തൽസമയ സംപ്രേക്ഷണമുണ്ടായിരിക്കും).

മൂന്ന് നോമ്പ് തിരുനാളിൻ്റെ മൂന്നാം ദിവസമായ ഫെബ്രുവരി 1 ബുധനാഴ്ച്ച രാവിലെ 5.30ന് വിശുദ്ധ കുർബാന ആരംഭിക്കും. വൈകുന്നേരം 4.30 വരെ വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 6 മണിക്ക് വലിയ പള്ളിയിൽ നിന്നും ജൂബിലി കപ്പേളയിലേയ്ക്ക് ആഘോഷമായ പ്രദക്ഷിണമിറങ്ങും. 8 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ ബുധനാഴ്ചത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

ഫെബ്രുവരി 2 വ്യാഴം ഇടവകയിലെ മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. അന്നേ ദിവസം രാവിലെ 6.15 -ന് സിമിത്തേരി ചാപ്പലിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഒപ്പീസും നടക്കും.

ഫെബ്രുവരി 12 മുതൽ ദേശത്തിരുനാളുകളും ഫെബ്രുവരി 18 ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ നാമത്തിലുള്ള പത്താം തീയതി തിരുനാളും ആഘോഷിക്കും.

ആഘോഷമായ മൂന്ന് നോമ്പ് തിരുനാളിലും തിരുക്കർമ്മങ്ങളിലും പങ്ക് ചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസ സമൂഹത്തേയും പ്രാർത്ഥനയിൽ സ്വാഗതം ചെയ്യുന്നതായി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ അറിയിച്ചു.

മൂന്ന് നോമ്പ് തിരുനാളിൻ്റെ പ്രധാന തിരുക്കർമ്മങ്ങൾ പള്ളിയുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും തൽസമയം ലഭ്യമാണ്. തിരുനാളിൻ്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.