ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടിയന്തിരമായി ചേർന്ന പാർലമെൻറ് യോഗത്തിൽ നിയമം പാസാക്കി ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമായി. 2,700 പേർ ജോലി ചെയ്യുന്ന സ്കന്തോർപ്പ് പ്ലാന്റ് ദേശസാൽക്കരിക്കുക എന്നതാണ് സർക്കാരിന്റെ അടുത്ത നടപടിയെന്ന് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് എംപിമാരോട് പറഞ്ഞു. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് .
കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.
ബ്രിട്ടീഷ് സ്റ്റീൽ കമ്പനി നേരിട്ട അടിയന്തിര പ്രതിസന്ധി പരിഹരിക്കുന്നതിന് ഈസ്റ്റർ അവധി ദിവസങ്ങൾ ആയിട്ടും മന്ത്രിമാരെയും എംപിമാരെയും അടിയന്തിരമായി വിളിച്ചു വരുത്തുകയായിരുന്നു. കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് നേരെത്തെ പറഞ്ഞിരുന്നു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ സംരക്ഷണത്തിനായി അടിയന്തിരമായി ഇടപെട്ടതെന്നാണ് നടപടി വിശദീകരിച്ചു കൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞത് . കമ്പനി ഏറ്റെടുക്കാനുള്ള നിയമനിർമ്മാണത്തെ പ്രതിപക്ഷ പാർട്ടികൾ എതിർത്തില്ല. എന്നിരുന്നാലും ഈ നടപടി കുറെ കൂടി നേരത്തെ ആവണമായിരുന്നു എന്ന് കൺസർവേറ്റീവ് പാർട്ടി പറഞ്ഞു.
Leave a Reply