മനുഷ്യ ശരീരത്തില്‍ ഒളിച്ചിരുന്ന ഒരു അവയവം കൂടി ശാസ്ത്രത്തിന്റെ ദൃശ്യപരിധിയില്‍. ത്വക്കിനടിയിലും ശ്വാസകോശങ്ങള്‍ക്കും കുടലുകള്‍ക്കും രക്തക്കുഴലുകള്‍ക്കും മുകളിലായി ആവരണം പോലെ കാണപ്പെടുന്ന ശരീരകലകളുടെ ലെയറായ ഇന്റര്‍സ്റ്റീഷ്യത്തിനാണ് ഇപ്പോള്‍ അവയവം എന്ന പദവി കൈവന്നിരിക്കുന്നത്. കട്ടിയുള്ള പരസ്പര ബന്ധിതമായ ഈ ടിഷ്യൂകള്‍ ദ്രാവകത്താല്‍ നിറഞ്ഞ കമ്പാര്‍ട്ട്‌മെന്റുകളുടെ ശൃംഖലയാണ്. ശക്തവും വഴങ്ങുന്നതുമായ പ്രോട്ടീനുകളാണ് ഇവയുടെ നിലനില്‍പ്പിനെ സഹായിക്കുന്നത്. ഈ കലകളേക്കുറിച്ച് നേരത്തേ തന്നെ അറിവുള്ളതാണെങ്കിലും ഒരു അവയവമെന്ന പരിഗണന നല്‍കിയതിലൂടെ ഇതിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ശാസ്ത്രം ശ്രമിക്കുന്നത്.

ശരീരം ആകമാനം പടര്‍ന്നു കിടക്കുന്നതിനാല്‍ ഏറ്റവും വലിയ അവയവങ്ങളിലൊന്നായി വേണമെങ്കിലും ഇതിനെ കണക്കാക്കാം. എങ്കിലും ഇത്രയും കാലം ശാസ്ത്രം ഇതിന് കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല. ഇന്റര്‍സ്റ്റീഷ്യം ശരീരാവയവങ്ങള്‍ക്ക് ഒരു ഷോക്ക് അബ്‌സോര്‍ബറായി പ്രവര്‍ത്തിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. മൗണ്ട് സിനായി ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഡോ.ഡേവിഡ് കാര്‍ ലോക്ക്, ഡോ.പെട്രോസ് ബെനിയാസ് എന്നിവരുടെ നിരീക്ഷണമാണ് ഇന്റര്‍സ്റ്റീഷ്യത്തിന് അവയവത്തിന്റെ പദവി നല്‍കിയത്. ഒരു രോഗിയുടെ പിത്തനാളിയില്‍ അര്‍ബുദമുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ മുമ്പ് മനുഷ്യശരീരത്തിന്റെ അനാട്ടമിയില്‍ കാണാത്ത വിധത്തിലുള്ള ദ്വാരങ്ങള്‍ ഇവര്‍ ശ്രദ്ധിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പാത്തോളജിസ്റ്റ് ഡോ.നീല്‍ തെയ്‌സുമായി ഇക്കാര്യം ഇവര്‍ ചര്‍ച്ച ചെയ്തു.

അപ്പോഴാണ് ശരീരാവയങ്ങളും കലകളും പരിശോധിക്കുന്ന പരമ്പരാഗത രീതി ഈ അവയവങ്ങളെ കണ്‍മുന്നില്‍ നിന്ന് മറച്ചുപിടിച്ചിരിക്കുകയായിരുന്നെന്ന് വ്യക്തമാത്. മെഡിക്കല്‍ മൈക്രോസ്‌കോപ്പ് സ്ലൈഡുകള്‍ തയ്യാറാക്കുമ്പോള്‍ അവയവങ്ങളില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം മുഴുവനായി ഊറ്റിക്കളയും. ദ്രാവകത്താല്‍ നിറഞ്ഞ ഘടനയായതിനാല്‍ ഇന്റര്‍സ്റ്റീഷ്യം ഇതേവരെ കാര്യമായ ശ്രദ്ധ നേടുകയും ചെയ്തിരുന്നില്ല. ആന്തരികാവയങ്ങളെയെല്ലാം പൊതിഞ്ഞ് ഈ കലകളുടെ സാന്നിദ്ധ്യമുണ്ടെന്നും വ്യക്തമായി. മറ്റു ചില രോഗികളുടെ ബയോപ്‌സി സ്ലൈഡുകളും കൂടി പരിശോധിച്ച് ഇന്റര്‍സ്റ്റീഷ്യത്തിന്റെ അനാട്ടമി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ക്യാന്‍സര്‍ ചികിത്സയിലാണ് ഈ കണ്ടുപിടിത്തത്തിന് വളരെയേറെ പ്രാധാന്യമുള്ളത്. അവയവങ്ങളെ സംരക്ഷിക്കുന്ന കുഷ്യന്‍ എന്നതിനൊപ്പം തന്നെ ട്യൂമറുകളില്‍ നിന്ന് അര്‍ബുദകോശങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഇന്റര്‍സ്റ്റീഷ്യം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരസ്പരം ബന്ധിതമായിക്കിടക്കുന്ന, ദ്രാവകത്താല്‍ നിറഞ്ഞ ഈ അവയവം ക്യാന്‍സര്‍ കോശങ്ങളുടെ സഞ്ചാരപാതയാണെന്ന് വ്യക്തമായതിനാല്‍ ഈ മാരകരോഗം ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നത് തടയാനുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിടാനും ശാസ്ത്രത്തിന് കഴിയും.