ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 26 വർഷമായി ബ്രിട്ടനിൽ താമസിക്കുന്ന അന്ധയായ 67കാരിയായ നൈജീരിയൻ വനിതയോട് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങാമെന്ന് നിർദേശിച്ച് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പായ ഹോം ഓഫീസ്. ഇവർ 2000ലാണ് ബ്രിട്ടനിലെത്തിയത്. അധികം വൈകാതെ അക്യൂട്ട് ഗ്ലോക്കോമയെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടു. ദീർഘകാല താമസത്തിന്റെ അടിസ്ഥാനത്തിൽ 2022ൽ ബ്രിട്ടനിൽ തുടരാൻ അനുമതി ലഭിച്ച ഇവർക്ക് ഓരോ 30 മാസം കൂടുമ്പോഴും വിസ പുതുക്കേണ്ടതുണ്ട്. പത്തുവർഷം പൂർത്തിയായാൽ മാത്രമേ സ്ഥിരതാമസത്തിനുള്ള അനുമതിയായ ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ (ഐഎൽആർ) ലഭിക്കാൻ അപേക്ഷിക്കാനാകൂ. എന്നാൽ ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് പ്രഖ്യാപിച്ച പുതിയ കുടിയേറ്റ പരിഷ്കാരങ്ങൾ പ്രകാരം ഇവർക്ക് സ്ഥിരതാമസത്തിന് അർഹത നേടാൻ ഇനിയും ഏകദേശം 20 വർഷം കാത്തിരിക്കേണ്ടിവരുമെന്നാണ് ആശങ്ക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രായവും ശാരീരിക അവശതയും പരിഗണിച്ച് ഇപ്പോൾത്തന്നെ സ്ഥിരതാമസാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ നിയമസഹായ സംഘടനയായ മൈഗ്രന്റ് ആൻഡ് റെഫ്യൂജി ജസ്റ്റിസ് മുഖേന ഇവർ ഹോം ഓഫീസിനെ സമീപിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ ഐഎൽആർ അനുവദിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. അന്ധർക്കായി നൈജീരിയയിൽ സേവനങ്ങളുണ്ടെന്നും അവിടെ മടങ്ങാമെന്നും ആദ്യം അറിയിച്ച അധികൃതർ, ചികിത്സാ സൗകര്യങ്ങൾ ഇന്ത്യയിലുമുണ്ടെന്നായിരുന്നു നിരസിക്കൽ കത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്നും ആ രാജ്യവുമായി യാതൊരു ബന്ധവുമില്ലെന്നും കംഫർട്ട് ചൂണ്ടിക്കാട്ടി. പിശക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുത്തിയ കത്ത് വീണ്ടും നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ഹോം ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. വ്യക്തിഗത അപേക്ഷകളെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും ഓരോ അപേക്ഷയും ലഭിക്കുന്ന രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ ‘എർൺഡ് സെറ്റിൽമെന്റ്’ നയത്തിനെതിരെ കുടിയേറ്റാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പുതിയ വ്യവസ്ഥപ്രകാരം ഭൂരിഭാഗം കുടിയേറ്റക്കാർക്കും സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ കാലാവധി അഞ്ചുവർഷത്തിൽനിന്ന് പത്തുവർഷമായി ഉയരും. ചില വിഭാഗങ്ങൾക്ക് ഇത് 20 വർഷം വരെയും അനധികൃതമായി രാജ്യത്തെത്തിയ ചില അഭയാർഥികൾക്ക് 30 വർഷം വരെയും നീളാം. മൈഗ്രന്റ് ആൻഡ് റെഫ്യൂജി ജസ്റ്റിസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 103 വയസ്സുള്ള പാക്കിസ്ഥാനി വനിതയ്ക്കുപോലും പുതിയ വ്യവസ്ഥയിൽ 123 വയസ്സാകുമ്പോഴേ സ്ഥിരതാമസത്തിന് അർഹത ലഭിക്കൂ. വയോധികരും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവരെ പതിറ്റാണ്ടുകളോളം അനിശ്ചിതത്വത്തിൽ നിർത്തുന്നത് മനുഷ്യത്വരഹിതമാണെന്നാണ് വിമർശനം. അതേസമയം, കുടിയേറ്റ നിയന്ത്രണവും രാജ്യത്തോടുള്ള സംഭാവനയും അടിസ്ഥാനമാക്കി സ്ഥിരതാമസാവകാശം അനുവദിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് വ്യക്തമാക്കിയിട്ടുണ്ട്.