ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആഗോള ഭീഷണികളുടെയും മധ്യേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതിരോധ ചിലവ് ഉയർത്താനൊരുങ്ങി യുകെ. ജിഡിപിയുടെ 2 .5 ശതമാനം പ്രതിരോധ ചിലവുകൾക്കായി നീക്കിവെയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവർഷം പ്രതിരോധ ചിലവ് 87 മില്യൺ പൗണ്ടായി ഉയരും .
പ്രതിരോധ ചിലവ് ഉയർത്തണമെന്നതിൽ ഡിഫൻസ് സെക്രട്ടറി ഗ്രാൻഡ് ഷാപ്പ്സ് ഉൾപ്പെടെയുള്ള ടോറി എംപിമാർ വളരെ നാളുകളായി കടുത്ത സമ്മർദ്ദമായിരുന്നു സർക്കാരിന്റെ മേൽ ചെലുത്തിയിരുന്നത്. ഉക്രൈയിന് പ്രതിവർഷം 3 ബില്യൺ പൗണ്ട് എങ്കിലും ധനസഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിരോധ ചിലവുകളുടെ പരിധിയിൽ വരുന്നുണ്ട്. യുകെയുടെ പ്രതിരോധ വിഷയത്തിൽ കടുത്ത വിമർശനമാണ് ലേബർ പാർട്ടി നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ 12 മാസത്തിനുള്ളിൽ തന്ത്രപരമായ പ്രതിരോധ, സുരക്ഷാ അവലോകനം നടത്തുമെന്നും പ്രതിരോധ ചിലവ് ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനം ആക്കുമെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ നേരത്തെ പ്രസ്താവിച്ചിരുന്നു.
നാറ്റോ സഖ്യ രാജ്യങ്ങളുടെ ഇടയിൽ സൈനിക ശക്തിയിൽ യുഎസും യുകെയും ആണ് മുന്നിട്ടു നിൽക്കുന്നത്. റഷ്യയിൽ നിന്നുള്ള ഭീഷണിയ്ക്ക് മറുപടിയായി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂണിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ സൈനിക ശക്തി വർധിപ്പിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു . കഴിഞ്ഞ മാസം ടോറി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സായുധ സേനയുടെ ചിലവ് ജിഡിപിയുടെ 3% ആയി വർദ്ധിപ്പിക്കണെമെന്ന് മൂന്ന് മുൻ പ്രതിരോധ സെക്രട്ടറിമാരായ മൈക്കൽ ഫാലൻ, ഗാവിൻ വില്യംസൺ, ബെൻ വാലസ് എന്നിവർ പ്രധാനമന്ത്രി ഋഷി സുനക്കിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു.
Leave a Reply