ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോളതലത്തിൽ ഏർപ്പെടുത്തിയ പുതിയ താരിഫുകൾ കടുത്ത പ്രത്യാഘാതങ്ങൾ ആണ് ആഗോള തലത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഓഹരി വിപണികൾ ഇതിനോട് ബന്ധപ്പെട്ട് നേരിട്ടത് വൻ തകർച്ചയാണ്. അമേരിക്കയിലേയ്ക്ക് വരുന്ന എല്ലാ ചരക്കുകൾക്കും പുതിയ നികുതികൾ ട്രംപ് പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിൻറെ ഭാഗമായി യുകെയിൽ നിന്നുള്ള ചരക്കുകൾക്ക് 10 ശതമാനവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവയ്ക്ക് 20 ശതമാനവുമാണ് പുതിയ താരിഫുകൾ .

യുകെയിൽ നിന്നുള്ള സാധനങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്ന സൂചനയാണ് ഏറ്റവും പുതിയതായി ഈ വിഷയത്തിൽ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പങ്കുവെച്ചത് . യുഎസുമായി ഒരു വ്യാപാരയുദ്ധം ഒഴിവാക്കുന്നതിനായുള്ള കരാറിനായി മുന്നോട്ട് പോകുന്നതിനാണ് യുകെ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു വ്യാപാരയുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും യുകെയുടെ ദേശീയ താത്പര്യം സംരക്ഷിക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ട്രംപ് ഏർപ്പെടുത്തിയ പുതിയ വ്യാപാര നയങ്ങൾ അമേരിക്കയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ രാജ്യങ്ങൾക്കും മാത്രമല്ല യുഎസിനെയും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാനഡ പോലുള്ള രാജ്യങ്ങൾ യു എസ് ഏർപ്പെടുത്തിയ താരിഫുകൾക്ക് പകരം ആ രാജ്യത്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി തിരിച്ചടിച്ചിരുന്നു. ഫലത്തിൽ ട്രംപിന്റെ നയം ലോകരാജ്യങ്ങളുടെ ഇടയിലെ നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു . യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.